fbpx
AutoKeralaTechnology

കേരളത്തിലെ സാധാരണക്കാരായ ടാക്സി ഡ്രൈവർമാർക്കായി കേര കാബ്സ് മൊബൈൽ ആപ്പ്

കണ്ണൂര്‍: കേരളത്തിലെ സാധാരണക്കാരായ ടാക്‌സി ഡ്രൈവര്‍മാര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രതിസന്ധിയാണ് ഈ മേഖലയിലെ കുത്തകവല്‍ക്കരണം. യൂബറും ഒലേയും തുടങ്ങി ഒരു പിടി കോര്‍പ്പറേറ്റ് സംരഭകര്‍ ടാക്‌സി കാര്‍ മേഖലയെ മിക്ക നഗരങ്ങളിലും കീഴടക്കിക്കഴിഞ്ഞു. സാധാരണക്കാരായ ഡ്രൈവര്‍മാര്‍ ഇതിനെതിരെ നടത്തിയ സമീപകാല പ്രതിഷേധങ്ങളും സമരങ്ങളും പക്ഷേ ഒട്ടും ഫലം കണ്ടിട്ടില്ല. പുതിയ സാങ്കേതിക വിദ്യയെ ഉപയോഗിച്ച് ഈ മേഖലയിലേക്ക് കടന്ന് വന്ന കുത്തകകള്‍ വലിയ മുന്നേറ്റം തന്നെയായിരുന്നു നടത്തിയത്. വാഹനം ഓടിക്കിട്ടുന്ന ഒരു നിശ്ചിത തുക കമ്പനികള്‍ക്കും നല്‍കേണ്ടി വരുന്നതോടെ യാത്രക്കാര്‍ നല്‍കുന്ന തുകയുടെ പാതിയോളം ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നഷ്ടപ്പെടുന്നു. ഇതോടെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കാര്യമായ വരുമാനം ഉണ്ടാക്കാന്‍ പറ്റുന്നില്ല എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു.

Advertisement

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓട്ടം പോകുമ്പോള്‍ ഇതിലൊന്നും പെടാത്ത സാധാരണക്കാരായ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാരെയും കിട്ടാതെയായി. ഇതിനുള്ള പരിഹാരം കണ്ടിരിക്കുകയാണ് കേരളത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കേര കാബ്‌സ്’ ഇനി നിരത്തുകളില്‍ ഓടാന്‍ പോകുന്നത് പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. ഇതിന്റെ ആരംഭമായി ആദ്യ ഷെയര്‍ തളിപ്പറമ്പ കുറുമാത്തൂര്‍ സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ നാരായണന്‍ നമ്പ്യാര്‍ നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്ണൂരില്‍ നടന്ന കേര കാബ്‌സിന്റെ ആദ്യ ഷെയര്‍ നല്‍കല്‍ ഉദ്ഘാടന പരിപാടി നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കൃഷ്ണദാസ് വി.എ നിര്‍വ്വഹിച്ചു. കേരളത്തിലെ ടാക്‌സി ഡ്രൈവര്‍മാരുടെ നിലവിലുള്ള പ്രതിസന്ധികള്‍ക്ക് ഉതകുന്ന ഏറ്റവും ക്രിയാത്മകമായ സംരംഭമാണ് കേര കാബ്‌സ് മൊബൈല്‍ ആപ്പിലൂടെ സാധ്യമാകാന്‍ പോകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച അദ്ധേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തിലെ മിക്ക ടാക്‌സി ഡ്രൈവര്‍മാരെയും ഒരു പ്ലാറ്റ്‌ഫോമില്‍ അണി നിരത്തിയാണ് ‘കേര കാബ്‌സി’ന്റെ പ്രവര്‍ത്തനം. കേര കാബ്‌സ് എന്ന മൊബൈല്‍ ആപ്പ് നിര്‍മ്മിച്ച് യൂബര്‍,ഒലേ മാതൃ കയില്‍ സര്‍ക്കാര്‍ നിര്‍ണ്ണയിച്ച തുകയ്ക്ക് ഓട്ടം പോകാനാണ് തീരുമാനം. ഇങ്ങനെയാകുമ്പോള്‍ ഓടിക്കിട്ടുന്ന തുക പൂര്‍ണ്ണമായും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. പുത്തന്‍ സാങ്കേതിക വിദ്യ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതേ സങ്കേതം ഉപയോഗിച്ച് മറികടക്കുകയാണ് കേരളത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍.

കേര കാബ്‌സിന്റെ പ്രത്യേകതകള്‍:

ഗവ. നിശ്ചയിച്ച വാടക, വെയ്റ്റിംഗ് ട്രിപ്പുകള്‍ക്കിടയില്‍ ഡ്രൈവര്‍മാര്‍ക്ക് മറ്റു ട്രിപ്പുകള്‍ക്ക് സാധ്യത, ഡ്രോപ്പ് ട്രിപ്പുകള്‍ക്ക് ശേഷം തിരികെ ട്രിപ്പ് ലഭിക്കാനുള്ള സാഹചര്യം. ആവശ്യാനുസരണം ട്രിപ്പുകള്‍ സ്വീകരിക്കുവാനും നിരസിക്കുവാനുമുള്ള അവസരം. നിലവിലുള്ള സ്വന്തം ട്രിപ്പുകള്‍ക്ക് യാതൊരു വിധ തടസ്സങ്ങളുമില്ലാതെ ഓടുന്നതിനുള്ള സൗകര്യം. ക്രെഡിറ്റില്ലാതെ ട്രിപ്പിനുള്ള സാഹചര്യം. രാത്രികാലങ്ങളില്‍ ആകര്‍ഷകമായ നിരക്ക്. ട്രിപ്പുകളുടെ എണ്ണത്തില്‍ വര്‍ധന വഴി മികച്ച വരുമാനത്തിനുള്ള ആവസരം. കുത്തക ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കെതിരെയുള്ള ക്രിയാത്മകമായ പ്രതിരോധം.

തൊഴിലാളികളാല്‍ നിയന്ത്രണം. കേരളത്തിലെ മുഴുവന്‍ ജില്ലകളിലേയും ഡ്രൈവര്‍മാരുടെ പങ്കാളിത്തം. മെമ്പര്‍മാര്‍ക്കുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. വിവിധ ഇന്‍ഷുറന്‍സ് പരിരക്ഷകള്‍. മെമ്പര്‍മാര്‍ക്ക് വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍, ബാറ്ററി മുതലായവ അംഗീകൃത ഷോപ്പുകളില്‍ നിന്നും ആകര്‍ഷകമായ ഓഫറുകളില്‍ ലഭ്യമാകുന്നു. മുഴുസമയ ഹെല്‍പ്പ് ലൈന്‍ സൗകര്യം. മികച്ച രീതിയിലുള്ള പരസ്യ സംവിധാനങ്ങള്‍. കുത്തകകളെ ചെറുക്കാന്‍ ഉയര്‍ന്ന നിലവാരമുള്ള ബ്രാന്‍ഡിംഗ്/മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍.

സ്റ്റാന്റുകളില്‍ നിലവിലുള്ള അതേ ക്യൂ സംവിധാനമായിരിക്കും കേര കാബ്‌സ് ആപ്പിലും ഉണ്ടായിരിക്കുക. കൂടാതെ ഇന്ത്യയില്‍ എവിടേയും ഈ ആപ്ലിക്കേഷന്‍ ലഭ്യമാകും. വളരെ ലളിതമായിരിക്കും ആപ്പ് ഉപയോഗിക്കാനുള്ള രീതികള്‍. ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഇതിന്റെ ഷെയര്‍ ലഭ്യമാവുക. ഒരു ഷെയറിന് 2000 രൂപയാണ് വില. ഒരാള്‍ക്ക് അഞ്ച് ഷെയര്‍ വരെ വാങ്ങാം. സെപ്തംബര്‍ അവസാന വാരത്തോടെ ആപ്പ് പുറത്തിറങ്ങും. ടൊവിനോ തോമസാണ് കേര കേബ്‌സിന്റെ പ്രീലോഞ്ചിംഗ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേര കാബ്‌സുമായ കൂടുതല്‍ വിവരങ്ങള്‍ക്ക് + 919400062815 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisement news truth
Advertisement
Close