fbpx
National

അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ചു; 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി റിപ്പോർട്ട്

ദില്ലി: വര്‍ധിക്കുന്ന അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. അതേസമയം, കേസെടുത്തതിനെക്കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.

Advertisement

രാമചന്ദ്രഗുഹ, മണിരത്നം, അപർണ സെൻ തുടങ്ങി അമ്പതോളം പേര്‍ക്കെതിരെയാണ് കേസ്. ജയ്ശ്രീറാം വിളിക്കാത്തതിന്‍റെ പേരിലുള്ള അക്രമങ്ങളും ആള്‍ക്കൂട്ടകൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയറിയിച്ച് ഇവര്‍ മോദിക്ക് തുറന്നകത്ത് എഴുതിയത്.

രാജ്യദ്രോഹം പ്രവര്‍ത്തിച്ചു, സമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ് കത്തയച്ച പ്രമുഖര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹിന്ദുമഹാസഭ നല്‍കിയ പരാതിയില്‍ മുംബൈയിലെ സദര്‍ പൊലീസാണ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

രണ്ടുമാസം മുമ്പ് സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരി അന്വേൽണത്തിന് ഉത്തരവിടുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്‍റെ പരാതിയിന്മേലുണ്ടായ ഉത്തരവിനെത്തുടര്‍ന്നാണ് സദര്‍ പൊലീസ് കേസെടുത്തതെന്ന് ഓജ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ജയ്ശ്രീറാം വിളി പ്രകോപനപരമായ പോര്‍വിളിയായി മാറിയെന്ന് കത്തില്‍ ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായി നടക്കുന്ന അതിക്രമങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement news truth
Advertisement
Close