fbpx
KeralaPravasi

ഗള്‍ഫ്-കേരളം പ്രത്യേക വിമാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി ദുബായില്‍ പറഞ്ഞു.

Advertisement

പ്രവാസിയും കേരളവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ലോക കേരളകേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോർക്കയുടെ പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്കും കുടുംബാംഗങ്ങൾക്കും ഒമാൻ എയർവെയ്‌സിൽ യാത്രക്കൂലിയുടെ ഏഴ്‌ ശതമാനം ഇളവ് ലഭിക്കും. കൂടുതൽ വിമാന കമ്പനികളിൽനിന്ന് ഇളവ്‌ ലഭ്യമാക്കാൻ ശ്രമിക്കും. ദുബായ് ഇന്ത്യൻ അക്കാദമി സ്കൂളിൽ പ്രവാസി മലയാളികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിശേഷാവസരങ്ങൾ പ്രത്യേകം അടയാളപ്പെടുത്തി, അക്കാലയളവിൽ ഗൾഫ്‌ മേഖലയിൽ വിമാനങ്ങൾ അനുവദിക്കാമെന്ന് കേന്ദ്ര സിവിൽ വ്യോമയാനമന്ത്രി കഴിഞ്ഞ ദിവസം ഉറപ്പുനൽകി. പ്രവാസിക്ഷേമത്തിന്‌ നിരവധി പദ്ധതികളാണ് കേരള സർക്കാർ ആവിഷ്‌കരിച്ചത്. അതിവിദഗ്ധരായ മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അവരുടെ വിജ്ഞാനം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലോക കേരളസഭ രൂപംകൊണ്ടത്. അതിന്റെ സബ് കമ്മിറ്റി നിർദേശമായി സംസ്ഥാന വികസനത്തിനുതകുന്ന പദ്ധതികൾ ഏറ്റെടുക്കാനാണ്‌ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ്‌ ആൻഡ്‌ ഹോൾഡിങ്‌ ലിമിറ്റഡ് എന്ന നിക്ഷേപസമാഹരണ കമ്പനി രൂപീകരിച്ചത്.

എംബസികളിൽ മലയാളികളായ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാൻ നടപടി എടുക്കും. ഫെബ്രുവരി 15 മുതൽ ഗ്ലോബൽ കോൺടാക്ട്‌ സെന്റർ ആരംഭിച്ചു. പ്രവാസികൾക്ക് ലഭിക്കുന്ന സേവനങ്ങൾ, പരാതികൾ എന്നിവയുമായി ബന്ധപ്പെട്ട്‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ സംവിധാനമായി. ഫോൺ, ഇ- മെയിൽ, എസ്എംഎസ്, ലൈവ് ചാറ്റ് മുഖേനയും സെന്ററിൽ ബന്ധപ്പെടാം.

പ്രവാസി സഹോദരിമാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വനിതാ എൻആർഐ സെൽ നോർക്കാ റൂട്ട്സിൽ ആരംഭിച്ചു. ഡിസംബറിൽ കൊച്ചിയിൽ ഇന്റർനാഷണൽ എംപ്ലോയർ കോൺഫറൻസ് നടത്തും. ഐഎംഎയുമായി ചേർന്ന് ആരംഭിച്ച ആംബുലൻസ് സർവീസ് ഒട്ടേറെ പേർക്ക് പ്രയോജനപ്പെടുന്നു. പ്രവാസി പെൻഷൻ 500ൽനിന്ന് 2000 രൂപയാക്കി. ഏതു പ്രശ്നത്തിലും ഏതു സമയവും സർക്കാരിനെ ബന്ധപ്പെടാൻ അറച്ചുനിൽക്കേണ്ടതില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

Advertisement news truth
Tags
Advertisement
Close