fbpx
Kerala

കേരള ബാങ്കിന് അംഗീകാരം; ഇടതു മുന്നണി 2016ലെ പ്രകടന പത്രികയിൽ നല്‍കിയ ഉറപ്പ് പാലിച്ചു എന്ന്; കടകംപള്ളി

തിരുവനന്തപുരം: കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു കേരള ബാങ്കിന്റെ രൂപീകരണം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ച് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന ആ വാഗ്ദാനം പൂര്‍ത്തീകരിക്കുവാനുള്ള അവസാന കടമ്പയും നാം മറികടന്നിരിക്കുന്നു എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Advertisement

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു കേരള ബാങ്കിന്റെ രൂപീകരണം. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ച് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന ആ വാഗ്ദാനം പൂര്‍ത്തീകരിക്കുവാനുള്ള അവസാന കടമ്പയും നാം മറികടന്നിരിക്കുന്നു. കേരള ബാങ്കിന്റെ രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി സര്‍ക്കാരിനു ലഭിച്ചിരിക്കുകയാണ്.

ഒട്ടനവധി രാഷ്ട്രീയപ്രേരിതമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും സര്‍ക്കാരിന്റെ ഇച്ഛാശക്തിയാല്‍ അവയെ മറികടന്നു ഈ പദ്ധതിയുമായി മുന്നോട്ട് പോകുവാന്‍ സാധിച്ചതില്‍ സഹകരണ വകുപ്പ് മന്ത്രി എന്ന നിലയില്‍ വളരെ അഭിമാനമുണ്ട് . മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള 13 ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനാണ് റിസര്‍വ് ബാങ്കില്‍ നിന്നും അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്. സംസ്ഥാന സഹകരണ നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള വകുപ്പ് 14A-യുമായി ബന്ധപ്പെട്ട കേസുകളില്‍ കേരള ഹൈക്കോടതിയുടെ തീര്‍പ്പുകള്‍ക്ക് വിധേയമായാണ് ലയനം നടപ്പിലാക്കേണ്ടത്. അനുമതി നല്‍കിയപ്പോള്‍ റിസര്‍വ് ബാങ്ക് ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

· 2018 മാര്‍ച്ച് 31-ന്റെ നബാര്‍ഡിന്റെ കണക്ക് പ്രകാരം ലയിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കിന് 9 ശതമാനം മൂലധന പര്യാപ്തത ആര്‍ജ്ജിക്കണമെങ്കില്‍ 97.92 കോടി രൂപയുടെ കുറവുണ്ട്. ലയനത്തിന് മുന്‍പ് ഈ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. മാത്രമല്ല, 9% മൂലധനപര്യാപ്തത തുടര്‍ന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തണം.

· ജില്ലാ സഹകരണ ബാങ്കുകളുടെ നെറ്റ് വര്‍ത്തിന്റെ അടിസ്ഥാനത്തില്‍ ലയനശേഷമുള്ള ബാങ്കില്‍ അംഗസംഘങ്ങളുടെ ഓഹരിമൂലധനം അനുവദിച്ച് നല്‍കണം. ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് ഒരു ട്രാന്‍സ്ഫര്‍ പ്രൈസ് വ്യവസ്ഥ രൂപപ്പെടുത്തണം.

· വോട്ടവകാശം ഇല്ലാതെ വായ്പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പുതിയ ബാങ്കിന്റെ ഭരണസമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തണം.

· ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ഘടന, അധികാരങ്ങള്‍ എന്നിവ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് സമാനമായ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനനുസരിച്ചാവണം.

· ലയനശേഷം ആര്‍.ബി.ഐയുടെ തത്വത്തില്‍ ഉള്ള അംഗീകാരത്തില്‍ നിഷ്കര്‍ഷിച്ചിരുന്ന 11, 13, 15 എന്നീ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. താഴെ പറയുന്നവയായിരുന്നു 11, 13, 15 വ്യവസ്ഥകള്‍.

11) ലയനശേഷം എല്ലാ ജില്ലാബാങ്കുകളിലേയും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന രീതിയിലുള്ള മികച്ച സോഫ്റ്റ് വെയര്‍ KSCB-ക്ക് ഉണ്ടാകണം.

13) KSCBയുടെ CEO ‘Fit and proper’ മാനദണ്ഡങ്ങള്‍ പാലിച്ചാവണം. ഭരണസമിതിയില്‍ ചുരുങ്ങിയത് 2 പ്രൊഫഷണല്‍സ് ഉണ്ടാകണം.

15) ലയനശേഷം KSCB-യുടെ RBI ലൈസന്‍സ് തുടരും. ജില്ലാബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകള്‍ KSCB-യുടെ ബ്രാഞ്ചുകളായി മാറും. തുടര്‍ന്ന് KSCB ഈ ബ്രാഞ്ചുകളുടെ ലൈസന്‍സിനായി RBI-ക്ക് അപേക്ഷ നല്‍കണം. RBI-യുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകള്‍ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകള്‍ അവരുടെ ലൈസന്‍സ് RBI-ക്ക് സറണ്ടര്‍ ചെയ്യണം.”

· സംസ്ഥാനസര്‍ക്കാര്‍ അന്തിമ അനുമതിക്ക് 2020 മാര്‍ച്ച് 31 വരെ പ്രാബല്യം ഉണ്ടായിരിക്കും. അതിനുശേഷം തല്‍സ്ഥിതി സംബന്ധിച്ച് നബാര്‍ഡിലൂടെ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മേല്‍ വ്യവസ്ഥകള്‍ എല്ലാം തന്നെ സംസ്ഥാന സര്‍ക്കാരിനും ഇതുമായി ബന്ധപ്പെട്ട ബാങ്കുകള്‍ക്കും പാലിക്കാന്‍ കഴിയുന്നവയാണ്. എത്രയും പെട്ടെന്ന് ഈ വിവരം കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ലയനനടപടികളുമായി മുന്നോട്ട് പോകുന്നതിന് നടപടികള്‍ സ്വീകരിക്കും.

കടകംപള്ളി സുരേന്ദ്രന്‍,
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി

Advertisement news truth
Advertisement
Close