fbpx
Sports

ബിസിസിഐയില്‍ ഇനി ദാദ യുഗം; സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ്

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ തന്റെ പ്രഥമ പരിഗണന ആഭ്യന്തര ക്രിക്കറ്റിനായിരിക്കുമെന്ന് ഗാംഗുലി പ്രതികരിച്ചു. യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈയിൽ നടന്ന ബി.സി.സി.ഐ. യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഐകകണ്ഠ്യേന നിർദേശിക്കപ്പെട്ടിരുന്നു. അതേസമയം കേരള ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ ജയേഷ് ജോർജ് ബി.സി.സി.ഐ.യുടെ ജോയന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. എസ്.കെ നായർ, ടി.സി. മാത്യു എന്നിവരാണ് ഇതിന് മുൻപ് ബി.സി.സി.ഐയിൽ ഭാരവാഹികളായ മലയാളികൾ.

കെ.സി.എയുടെ ജോ. സെക്രട്ടറി, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജയേഷ് ജോർജ് നേരത്തെ രണ്ടു തവണ ഇന്ത്യ എ ടീമിന്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായാണ് പുതിയ സെക്രട്ടറി. മുൻ ബി.സി.സി.ഐ. പ്രസിഡന്റും കേന്ദ്ര ധനകാര്യസഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ അരുൺ ധുമാൽ ട്രഷററാകും.

Close