fbpx
Movie

ഡീഗ്രേഡിങ്ങിനിടയിലും ബോക്‌സോഫീസില്‍ ചരിത്രം കുറിച്ച് മാമാങ്കം മുന്നോട്ട്;100 കോടി കടന്ന് മമ്മൂട്ടി ചിത്രം

തിരുവനന്തപുരം: ബ്രഹ്മാണ്ഡചിത്രം ‘മാമാങ്കം’ നൂറു കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് എട്ടാം ദിവസമാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംനേടി ചരിത്രം സൃഷ്ടിച്ചത്. നൂറ് കോടി ഇടം നേടുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് മാമാങ്കം. നേരത്തെ വൈശാഖിന്‍റെ സംവിധാനത്തില്‍ എത്തിയ മധുരരാജയും സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയിരുന്നു. റിലീസിംഗിന് പിന്നാലെ സിനിമക്കെതിരെ നടന്ന ഡീഗ്രേഡിങ്ങിനിടയിലാണ് ബോക്‌സോഫീസില്‍ ചരിത്രം കുറിച്ച് മാമാങ്കം മുന്നോട്ട് കുതിക്കുന്നത്.

ചിത്രത്തിന്‍റെ ആഗോള ബോക്സ്ഓഫീസ് കളക്ഷനാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. സിനിമയുടെ നിർമാതാവ് വേണു കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് പേജിലൂടെയും ചിത്രത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയുമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നേരത്തെ, റിലീസ് ചെയ്ത് മൂന്നാം ദിവസം മാമാങ്കത്തിന്‍റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ എത്തിയിരുന്നു. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്‍റെ തിയേറ്റർ പ്രിന്‍റാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്.

Close