
കൊറോണ ലോകം മുഴുവൻ ഭീകരമായി പടരുമ്പോൾ പള്ളികൾ അടക്കേണ്ടതുണ്ടോ?പള്ളികൾ അടക്കുന്നത് വിശ്വാസികളെ എന്തുമാത്രം വേദനിപ്പിക്കും?ജുമുഅ പോലും മുടക്കി പള്ളികൾ അടക്കുന്നതിന് മതപരമായ യുക്തി വല്ലതുമുണ്ടോ?
വളരെ കുറച്ചുപേർ മാത്രമാണ് അഞ്ചുനേരവും സംഘടിതരായി പള്ളിയിൽ പ്രാർത്ഥിക്കാറ്.എന്നാൽ വെള്ളിയാഴ്ചയിലെ പ്രാർത്ഥനയ്ക്ക് പരമാവധി ആളുകളെത്തും.അത് നിർത്തലാക്കുന്നത് അത്രമേൽ സഹിക്കില്ല.കാരണം കാലങ്ങളായി തുടർന്നുവരുന്ന രീതി എന്തിന്റെ പേരിലാണെങ്കിലും നിർത്തിവെക്കുന്നത് സഹിക്കില്ല അത്രതന്നെ.
രാജ്യത്തെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ പള്ളികൾ അടച്ചിടുകയാണ് മികച്ച തീരുമാനം.ഓരോ വിശ്വാസിയും സ്വയം തീരുമാനമെടുക്കുക, ഈ സാഹചര്യത്തിൽ കൂട്ടമായി ചേരുന്നതിനെ ഒഴിവാക്കാൻ. മതപരമായ ഒരു വിശ്വാസിയുടെ ബാധ്യതയാണത്. കാരണം മതം വളരെ സിമ്പിളാണെന്നും ബുദ്ധിമുട്ടിക്കുന്നതല്ലെന്നും ഖുർആനിൽ അല്ലാഹു തന്നെ പറയുന്നു.എല്ലാ മത നിയമങ്ങളും ഈ തത്വത്തെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്.
ഏത് കൊറോണ വന്നാലും പള്ളിയിൽ പോക്ക് “ബുദ്ധിമുട്ടില്ല” എന്ന് വിശ്വസിക്കുന്നവരുണ്ടാകും.മറ്റുള്ളവരെ ബുദ്ധിമുട്ടിക്കലാണത്. ഒട്ടും പാടില്ലാത്ത കാര്യമാണത്.മത നിയമങ്ങൾ മനുഷ്യർക്ക് ഉപകാരപ്പെടാനാണ്.അതുകൊണ്ടുതന്നെ പള്ളികൾ അടച്ചിടുക എന്നത് നിലവിലെ സാഹചര്യത്തിൽ ഗുണകരമാണ്.
കേരളത്തിൽ ഏതാനും പള്ളികൾ മാത്രമാണ് അടച്ചിടാൻ തീരുമാനിച്ചിട്ടുള്ളത്.
നിസ്കരിക്കാൻ വന്നാൽ കൊറോണ പിടിക്കില്ല എന്ന് വിശ്വസിക്കുന്ന ചിലരെയൊക്കെ കണ്ടു. തൽക്കാലം അബദ്ധമൊന്നും വിശ്വസിക്കാതിരിക്കലാണ് നമ്മുടെയും ചുറ്റുള്ളവരുടെയും ആരോഗ്യത്തിന് നല്ലത്.
മലേഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 243 കോവിഡ് -19 കേസുകളുടെ ഉറവിടം പള്ളിയായിരുന്നു. അതിൽ 9 പേർ ഐ.സി.യുവിലാണ്. പലരും ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്നതിനാൽ അടുത്ത വെള്ളിയാഴ്ചയായപ്പോഴേക്കും അത് കൂടുതൽ പേരിലേക്ക് വ്യാപിച്ചതായി പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസീൻ പറയുന്നു..
മലേഷ്യയുടെ അയൽരാജ്യമായ ബ്രൂണെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 50 കേസുകളിൽ 45 എണ്ണവും പള്ളിയിൽനിന്നാണ് പരന്നതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവിച്ചു. സിംഗപ്പൂരിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊറോണയിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ ജറുസലേമിലെ മസ്ജിദുൽ അഖ്‌സ അടച്ചിട്ടു കഴിഞ്ഞു.
എന്തൊക്കെ പറഞ്ഞാലും നാളത്തെ വെള്ളിയാഴ്ച നിർണായകമാണ്. ലക്ഷണങ്ങളില്ലാതെയും കൊറോണയെ വഹിക്കുന്നവരുണ്ടാകും. തനിക്കൊന്നുമില്ലെന്നു കരുതി അവർ പള്ളിയിലേക്കു വരുമ്പോൾ ആർക്കു തടയാനാകും?
ശക്തമായ മഴയുണ്ടെങ്കിൽ വെള്ളിയാഴ്ചയിലെ പ്രാർത്ഥനയ്ക്ക് പള്ളിയിൽ പോകേണ്ടതില്ലെന്ന് ഫിഖ്ഹ് പറയുന്നു. അപ്പോൾ പിന്നെ ഇത്തരമൊരു സാഹചര്യത്തിലേത് പ്രത്യേകം പറയണോ?
ഒരു വിശ്വാസി ഒരിക്കലും മമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്.നമുക്ക് സർക്കാറിന്റെ ആരോഗ്യപരിപാലന നിർദ്ധേശങ്ങൾ കർശനമായി പാലിക്കാം. വെള്ളിയാഴ്ചയിലെ പ്രാർത്ഥനയ്ക്ക് പള്ളികൾ അടച്ചിടാം.അതിൽ വിശ്വാസപരമായി ഒരു പ്രശ്നവുമില്ല.മാനസികമായി വിഷമിക്കേണ്ടതുമില്ല.