
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ട്രാക്‌ട് ക്യാരേജ് (ടൂറിസ്റ്റ് ബസുകൾക്ക്) ഇനി ഒരു നിറം. പുറം ബോഡിയില്‍ വെള്ളയും കടുംചാരനിറമുള്ള വരയുമാണ് മധ്യഭാഗത്ത് അനുവദിച്ചത്. മറ്റുനിറങ്ങളോ എഴുത്തോ ചിത്രപ്പണികളോ പാടില്ല എന്നും നിയമത്തിൽ പറയുന്നു.
അനാരോഗ്യകരമായ ബസ് നടത്തിപ്പുകാര്‍ തമ്മിലുണ്ടായ മത്സരത്തെ തുടർന്നാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ഒരു വിഭാഗം ബസ് ഓണേഴ്സ് നിറങ്ങൾക്കെതിരെ പരാതിയുമായി മോട്ടോർവാഹന വകുപ്പിനെ സമീപിച്ചിരുന്നു. പുതുക്കിയ കേന്ദ്ര നിയമപ്രകാരം ടൂറിസ്റ്റ് ബസുകൾക്കും പ്രത്യകം നിറം ഏർപ്പെടുത്താമെന്ന് നിയമത്തിലുണ്ട്.
നിറങ്ങൾക്ക് നിയന്ത്രണം കൂടാതെ മുന്‍വശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ ബസിൽ എഴുതാവൂ എന്നും നിയമത്തിൽ പറയുന്നുണ്ട്. ബസ് ഓപ്പറേറ്ററുടെപേര് പിന്‍വശത്തുരമാവധി 40 സെന്റീമീറ്റര്‍ ഉയരത്തില്‍ എഴുതണമെന്നും പറയുന്നു. കൂടാതെ ചാരനിറത്തിലെ വരയ്ക്ക് 10 സെന്റീമീറ്റര്‍ വീതിയാണ് അനുവദിച്ചിട്ടുള്ളത്.
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര അധ്യക്ഷയായ അഥോറിറ്റിയുടേതാണ് തീരുമാനം. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകൾ അടക്കം ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും വെള്ള നിറത്തിലേക്ക് മാറണം. ഇത്രയും കാലം ബസ്സുകളിൽ നിറം അടിയ്ക്കുന്നതിന് നിയന്ത്രണമില്ലാത്തതിനാൽ സിനിമാ നടന്മാരുടെയും മറ്റും ചിത്രമടക്കം ഓട്ടിച്ചാണ് സർവീസ് നടത്തിയിരുന്നത്.
ഈ ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്കെത്തിച്ചത്. ടൂറിസ്റ്റ് ബസുകളിൽ നിലവിൽ ലേസർ ലൈറ്റുകൾ സബ് വൂഫറടക്കം വയ്ക്കുന്നതിനു നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ പിഴ ഈടാക്കുകയാണ് സംസ്ഥാനത്ത് ചെയ്യാറ്.