
ഫഖ്റുദ്ധീൻ പന്താവൂർ
തൊണ്ണൂറുകളിലെ മലയാള സിനിമ യഥേഷ്ടം ഉപയോഗിച്ച നടനാണ് സാലു കൂറ്റനാട്.ലോഹിതദാസ് ചിത്രങ്ങളിൽ നാട്ടിൻപുറത്തുകാരനായ ആശാരിയായും അയാൾ കഥയെഴുതുകയാണ് എന്ന മോഹൻലാൽ നായകനായ ചിത്രത്തിലെ ഡ്രൈവറായും മറ്റും തിളങ്ങിയ ഈ നടൻ രണ്ടായിരത്തിന് ശേഷം സിനിമകളിൽ വന്നതേയില്ല.2013 ൽ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമായില്ല. ഇപ്പോഴിതാ കൈനിറയെ ചിത്രങ്ങളുമായി സാലു കൂറ്റനാട് വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. 20 വർഷങ്ങൾക്കുശേഷമുള്ള ഈ തിരിച്ചുവരവിൽ സാലു കൂറ്റനാടിനെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആന്റ് പെപ്പർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ബ്ലാക്ക് കോഫിയിൽ ( സംവിധാനം ബാബുരാജ് ) മികച്ചൊരു വേഷം തന്നെ സാലു കൂറ്റനാടിനുണ്ട്.ഇതിനുപുറമെ പായക്കപ്പൽ, കൈമാറ്റം,പ്രകാശന്റെ ഒരു ദിവസം, മക്കന തുടങ്ങി പത്തിലധികം ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ തന്നെയാണ് സാലു കൂറ്റനാടിനുള്ളത്. ലോഹിതദാസിന്റെ പ്രിയപ്പെട്ട നടനായിരുന്ന സാലു കൂറ്റനാട് ലോഹിതദാസിന്റെ പല ചിത്രങ്ങളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും അതിർത്തി പ്രദേശമായ പടിഞ്ഞാറങ്ങാടി സ്വദേശിയായ സാലു കൂറ്റനാട് നാടകരംഗത്തുനിന്നുമാണ് സിനിമയിൽ എത്തിയത്. തൃശൂർ സൂര്യയിൽ നാടകനടനായിട്ടാണ് അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് ചാലക്കുടി സാരംഗി ,തിരുവനന്തപുരം സൂര്യ, വള്ളുവനാടൻ തിയേറ്റർ പാലക്കാട് തുടങ്ങിയ ഒട്ടേറെ നാടകങ്ങളിൽ ഇദ്ദേഹം വേഷം ചെയ്തിട്ടുണ്ട്.വർഷങ്ങളായി സ്റ്റേജിൽ സജീവമായിരുന്നെങ്കിലും വെള്ളിത്തിരയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് 1996 ൽ പുറത്തിറങ്ങിയ ലോഹിതദാസ് തിരക്കഥയെഴുതിയ സല്ലാപത്തിനുശേഷമാണ്(ഒരാശാരിയുടെ വേഷമായിരുന്നു അതിൽ ).
ഭരതൻ, കമൽ, ലോഹിതദാസ്,സത്യൻ അന്തിക്കാട്, ബാലു കിരിയത്ത്, സുന്ദർദാസ്, ഹരികുമാർ, അനിൽ ബാബു ശശിശങ്കർ, പി ടി കുഞ്ഞുമുഹമ്മദ് തുടങ്ങി പ്രമുഖരുടെ ചിത്രങ്ങളിലൊക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന സാലു കൂറ്റനാട് 1998 കൾക്കു ശേഷം സിനിമകളോട് വിടപറയുകയായിരുന്നു. സിനിമ സാലുവിനെയും ചിലപ്പോഴൊക്കെ സാലു സിനിമകളെയും കൈവിട്ടു. ഓർക്കാനിഷ്ടപ്പെടാത്ത ആ കാലവും വർഷവും ഇപ്പോൾ പഴങ്കഥയായി.കലാരംഗത്ത് എന്നും സജീവമായ സാലു കൂറ്റനാടിന്റെ രണ്ടാം വരവ് ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വാസം.
സല്ലാപം, അയാൾ കഥയെഴുതുകയാണ്, ചമയം, ഗോളാന്തരവാർത്ത, മിമിക്സ് സൂപ്പർ, ഉദ്യാനപാലകൻ, ഹിറ്റ്ലർ ബ്രദേഴ്സ്, കാരുണ്യം, കുടമാറ്റം, സമ്മാനം, നാരായം, പാഥേയം, വെങ്കലം, ഗർഷോം ,മൈഡിയർ കരടി തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്ത സാലു കൂറ്റനാടിന്റെ സ്വഭാവിക അഭിനയശൈലിതന്നെയാണ് പ്ലസ് പോയന്റ്.
( മാധ്യമപ്രവർത്തകനും അധ്യാപകനുമാണ് ലേഖകൻ.
9946025819)