
പൊന്നാനി: ദുൽഖറിനും സുറുമിക്കുമൊപ്പം നാൽപ്പതാം വയസിലും പഠിച്ച് മാതൃകയാവുകയാണ് മമ്മൂട്ടി ആരാധകൻ സുജീർ.മ്മൂട്ടിയുടെ കനത്ത ആരാധകനായ സുജീർ മക്കൾക്കിട്ട പേരാണ് ദുൽഖർ, സുറുമിയെന്നത്.
ഉപ്പാ..പഠിക്കുന്നില്ലേ…പരീക്ഷയെഴുതേണ്ടേ..’– എല്ലാ വീടുകളിലും മക്കളോടാണ് പഠിക്കാൻ പറയുന്നതെങ്കിൽ സുജീറിന്റെ വീട്ടിൽ ഇങ്ങനെയാണ്. മക്കൾ ഉപ്പയെ പഠിപ്പിക്കുകയാണ്. പഠിച്ച് ഉപ്പ നല്ലൊരുനിലയിലെത്തുന്നത് കാണാൻ ഈ മക്കൾ കൊതിക്കുന്നു. ഏഴാം ക്ലാസിൽ പഠനം നിർത്തിയ പുറങ്ങ് പണിക്കവീട്ടിൽ സുജീർ അങ്ങനെ മക്കൾക്കൊപ്പമിരുന്ന് പഠിച്ചുവളരുകയാണ്.
4 വർഷം മുൻപ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി. ഉയർന്ന മാർക്കോടെ പാസായപ്പോൾ പത്താം ക്ലാസ് പരീക്ഷയെഴുതി. അവിടെയും നല്ല മാർക്കോടെ വിജയിച്ചു. പിന്നെ പഠനത്തോട് ആവേശമായി. പ്ലസ് വൺ പരീക്ഷയെഴുതി. താലൂക്കിലെ തന്നെ മികച്ച വിജയം നേടിയപ്പോൾ പ്ലസ്ടു പരീക്ഷയും എഴുതി വിജയത്തിലെത്തി. മലയാളം അധ്യാപകനായിട്ടെ അടങ്ങൂ എന്ന വാശിയിലാണിപ്പോൾ.
രാത്രി 8 മണിയായാൽ സുജീർ ‘ദുൽഖർ സൽമാന്റെ’ കൂടെയിരുന്നു പഠനം തുടങ്ങും. മമ്മൂട്ടിയുടെ സിനിമകളെല്ലാം റിലീസ് ദിവസം തന്നെ കാണുന്ന കടുത്ത ആരാധകനായ സുജീറിന്റെ മക്കളുടെ പേര് മമ്മൂട്ടിയുടെ മക്കളുടെ പേരാണ്; സുറുമിയും ദുൽഖർ സൽമാനും. മൂന്നാമതൊരു മകൻ കൂടിയുണ്ടായപ്പോൾ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടിയുടെ മകന്റെ പേരിട്ടു… മഖ്ബൂൽ സൽമാൻ! ഇപ്പോൾ ഡിഗ്രിക്കു പഠിക്കാനുള്ള തയാറെടുപ്പിലാണ് സുജീർ.
പഠിക്കാൻ മിടുക്കനായിരുന്നിട്ടും വീട്ടിലെ സാഹചര്യങ്ങൾക്കൊണ്ട് ഏഴാം ക്ലാസിൽ വച്ച് പഠനം നിർത്തേണ്ടി വന്നു. ഇറച്ചി വിൽപനക്കാരനായ ഉപ്പയെ സഹായിക്കാൻ അന്നു മുതൽ പണിക്കിറങ്ങി. കൂട്ടുകാരെല്ലാം സ്കൂളിലേക്ക് പോകുന്നത് കാണുമ്പോൾ ഉള്ളുപിടയുമായിരുന്നെന്ന് സുജീർപറയുന്നു. സങ്കടം തീർക്കാൻ വെറുതെ സ്കൂൾ പരിസരങ്ങളിലൊക്കെ പോയി നിന്നു.
കഴിയുന്ന ജോലികളെല്ലാം ചെയ്തു. വിവാഹിതനായി കുടുംബ ജീവിതവും തുടങ്ങി. പക്ഷേ, ജീവിതം പുറകോട്ടുപോവുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാനാകാത്തതിനാൽ പലയിടത്തുനിന്നും മാറി നിൽക്കേണ്ടി വന്നു. പറയുന്നത് അബദ്ധമാകുമെന്ന് കരുതി പലപ്പോഴും നിശബ്ദനാകേണ്ടി വന്നു. ജീവിതത്തിൽ ഒന്നുമാകാൻ കഴിഞ്ഞില്ലല്ലോയെന്ന നഷ്ടബോധം വല്ലാതെ അലട്ടി.
ജീവിതത്തിൽ എന്തെങ്കിലുമാകണമെന്ന് വല്ലാതെ കൊതിച്ചുതുടങ്ങിയപ്പോഴാണ് വാർഡ് അംഗം സാബിറ ഷറഫുദ്ദീൻ, സാക്ഷരതാ പ്രേരക് ടി.ഷീജയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതാൻ തയാറെടുപ്പ് തുടങ്ങി. പൊന്നാനി എവി ഹൈസ്കൂളിൽ പൊതുഅവധി ദിവസങ്ങളിൽ ക്ലാസ് ആരംഭിച്ചു. ആവേശത്തോടെ പഠനത്തിലേക്കു കടന്നു.
ഒരു ദിവസം പോലും ക്ലാസ് മുടക്കിയില്ല. അനിയന്റെ വിവാഹ ദിവസം പോലും ക്ലാസിലെത്തി. എല്ലാ ദിവസവും മക്കൾക്കൊപ്പം വീട്ടിലിരുന്ന് പഠിക്കുന്നത് ശീലമാക്കി. ഭാര്യ സൗദയും കട്ടയ്ക്കു കൂടെനിന്നു. പ്ലസ്ടു പരീക്ഷ വരെ ഉയർന്ന മാർക്കോടെ വിജയിച്ചു. അങ്ങനെ നാൽപതാമത്തെ വയസ്സിൽ സുജീർ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർഥിയായി.
ജീവിതത്തിൽ പല കാരണങ്ങളാൽ പഠനം നിലച്ച സുഹൃത്തുക്കളെയെല്ലാം തുല്യതാ പരീക്ഷയെഴുതാൻ സുജീർ പ്രേരിപ്പിച്ചു. പ്രേരക് ഷീജ മുന്നിൽ നിന്നു. സുഹൃത്തുക്കളെ ബിയ്യം പാർക്കിലും മറ്റ് സ്ഥലങ്ങളിലും ചേർത്തിരുത്തി സുജീർ പഠിച്ചതെല്ലാം അവർക്കു പകർന്നു നൽകി. പലരും പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതി വിജയിച്ചതിന്റെ സന്തോഷത്തിലാണ് സുജീർ.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ