
തൃശൂർ: പ്രശസ്ത സിനിമാതാരം ശിവജി ഗുരുവായൂരിനോട് കണ്ണീരോടെ ഏഴാം ക്ലാസുകാരിയുടെ വാക്കുകളാണിത്.
ഏഴാംക്ലാസുകാരി നിർമിച്ച കരകൗശല ഉത്പന്നം വിദ്യാർത്ഥിയറിയാതെ അധ്യാപിക സിനിമാ നടനായ ശിവജി ഗുരുവായൂരിന് സമ്മാനിച്ചതായാണ് പരാതി.മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയായ യാസിറിന്റെ മകൾ റിദയ്ക്കാണ് സ്വന്തം കലാസൃഷ്ടി അധ്യാപികയാൽ അപഹരിക്കപ്പെടാൻ ദുർവിധിയുണ്ടായത്.
കുന്നംകുളം ബോയ്സ് സ്കൂളിൽ നടന്ന കരകൗശല എക്സിബിഷനിൽ പെരുമ്പിലാവിലെ ഒരു സ്വകാര്യ സ്കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ റിദ നിർമ്മിച്ച ഡെക്കറേഷൻ ബോട്ടിൽ റിദയുടെ ടീച്ചർ പ്രദർശിപ്പിച്ചിരുന്നു. ടീച്ചറുടെ ഹയർസെക്കണ്ടറിയിൽ പഠിക്കുന്ന മകളുടെ എക്സിബിഷന് വേണ്ടിയാണ് റിദയുടെ കരകൗശല വസ്തു കൊണ്ടുപോയത്.ടീച്ചർ ചോദിച്ചതിനാൽ വിദ്യാർത്ഥി മറ്റൊന്നും ചിന്തിക്കാതെ ഏറ്റവും പ്രിയപ്പെട്ട കരകൗശല ഉത്പന്നം തന്നെ നൽകുകയും ചെയ്തു. എക്സിബിഷനെത്തിയ പ്രശസ്ത സിനിമാതാരം ശിവജി ഗുരുവായൂരിന് ഉത്പന്നം ഇഷ്ടപ്പെടുകയും ടീച്ചർ സ്വന്തം മകളുടെ നിർമ്മിതിയെന്ന് അവകാശപ്പെട്ട് സമ്മാനിക്കുകയുമായിരുന്നുവെന്ന് വിദ്യാർത്ഥിനി പറയുന്നു.
വിദ്യാർത്ഥിനി തന്റെ ഉത്പന്നം തിരിച്ചു ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ ടീച്ചർ തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് യാസർ പ്രതികരിച്ചു. സ്കൂളിലെ കരകൗശല നിർമ്മാണം പഠിപ്പിക്കുന്ന താൽക്കാലിക ടീച്ചർക്കെതിരെയാണ് വിദ്യാർത്ഥിനിയുടെ പരാതി.സംഭവം ടീച്ചറുടെ ഭർത്താവിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇത് നിങ്ങളുടെ കുട്ടി നിർമിച്ചതാണെന്ന് തെളിവുണ്ടോ എന്ന് ചോദിച്ച് അപമാനിച്ചതായും പിതാവ് പറയുന്നു.കരകൗശലവസ്തുവിന്റെ യഥാർത്ഥഉടമയെ സിനിമാ നടനെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥിയുടെ വീട്ടുകാർ.ഒന്നുകിൽ തന്റെ ഉത്പന്നം തനിക്ക് തിരിച്ചുകിട്ടണമെന്നും അല്ലെങ്കിൽ അതിന്റെ യഥാർത്ഥ ശില്പിയാരാണന്ന് സിനിമാ നടന് ബോധ്യമാവുകയെങ്കിലും വേണമെന്നാണ് പെൺകുട്ടിയുടെ നിലപാട്.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ