
തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ കേരളം ജാഗ്രതയിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചർ. ആരോഗ്യവകുപ്പ് എന്ത് നേരിടാനും സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
വൈറസിനോട് ഒരുകാരണവശാലും പേടി വേണ്ടെന്നും ജാഗ്രത മതിയെന്നും. വെെറസ് ലക്ഷണങ്ങളുള്ളവർ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചൈനയിൽ നിന്നും കഴിഞ്ഞദിവസം കേരളത്തിലെത്തിയ ഇരുപതോളം പേരുടെ സാമ്പിളുകൾ പൂനെ വൈറോളജി ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ ഒരു കുട്ടിയുടെ സാമ്പിളാണ് പോസിറ്റീവായത്. കുട്ടിയിപ്പോൾ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം ചൈനയിൽനിന്നും യാത്രകഴിഞ്ഞുവന്നവർ എത്രയും വേഗം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ… കൊറോണയും നമ്മൾ അതിജീവിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്