
തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമർദം “മഹാ’ (MAHA) ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിപ്രക്ഷുബ്ദാവസ്ഥയിലുള്ള കടലിൽ ഒരു കാരണവശാലും പോകാൻ അനുവദിക്കില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഇന്നലെ പ്രഖ്യാപിച്ചു.
കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്. കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ശക്തമായ കാറ്റും ചിലയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.ശനിയാഴ്‌ചവരെ കേരളതീരത്ത് മീനപിടുത്തം പൂർണമായും നിരോധിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തിൽ തീരദേശ മേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ ഇന്ന് രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര കർശനമായി ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇന്നും നാളെ രാവിലെയും ബീച്ചുകളിലേക്ക് പോകരുതെന്നും നിർദേശമുണ്ട്.കൊച്ചി , പറവൂർ, കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിൽ വിദ്യാഭ്യാസ അവധി പ്രഖ്യാപിച്ചു. എം ജി സർവ്വകലാശാല പരീക്ഷകൾ മാറ്റി.
Kerala State Disaster Management Authority – KSDMA അറിയിപ്പ്
അറബിക്കടലിലെ തീവ്രന്യൂനമർദം സംബന്ധിച്ചുള്ള അപ്‌ഡേറ്റ്
അറബിക്കടലിൽ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം ഒരു തീവ്രന്യൂനമർദമായി മാറിയിരിക്കുന്നു. സിസ്റ്റത്തിനകത്തെ പരമാവധി കാറ്റിൻറെ വേഗത മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ (ചില സമയങ്ങളിൽ 60 വരെ) വരെയുള്ള സിസ്റ്റങ്ങളെയാണ് തീവ്രന്യൂനമർദം എന്ന ഗണത്തിൽ പെടുത്തുന്നത്. 2019 ഒക്ടോബർ 30 ന് പകൽ നിലവിൽ 8.0°N അക്ഷാംശത്തിലും 75.0 °E രേഖാംശത്തിലും മാലദ്വീപിൽ നിന്ന് വടക്ക്-കിഴക്കായി 450 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 200 കിലോമീറ്റർ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 220 കിമീ ദൂരത്തുമായാണ് തീവ്രന്യൂനമർദത്തിന്റെ സ്ഥാനം. അടുത്ത 12 മണിക്കൂറിൽ കൂടുതൽ കരുത്ത് പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിസ്റ്റം ലക്ഷദ്വീപിലൂടെ കടന്ന് പോകുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ മധ്യകിഴക്കൻ അറബിക്കടലിൽ വെച്ച് ഒരു ചുഴലിക്കാറ്റായി ()സിസ്റ്റത്തിനകത്തെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ 61 കിമീ മുതൽ 90 കിമീ വരെ) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീവ്രന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ തീവ്രന്യൂനമർദം കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരുന്നതാണ്. തീവ്രന്യൂനമർദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കുക.
പുറപ്പെടുവിച്ച സമയം: 5 pm 30/10/2019
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി