
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 430 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 480 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരുവര്‍ഷത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ടു തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിന് തീരുമാനമെടുത്തിരിക്കുന്നത്.
സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രബേഷന്‍ പൂര്‍ത്തിയാക്കിയ 53 ഡോക്ടര്‍മാരും പ്രൊബേഷനര്‍മാരായ 377 ഡോക്ടര്‍മാരും ഉള്‍പ്പെടെ 430 ഡോക്ടര്‍മാരേയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്.
ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അതിനാലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് ശെെലജ ടീച്ചർ വ്യക്തമാക്കി.