
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് പ്രമുഖ സാമൂഹ്യപ്രവർത്തക മേധ പട്‌കർ. ഇക്കാര്യത്തിൽ കേരള സർക്കാർ പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടും പ്രതിപക്ഷകക്ഷികൾ ഒപ്പംനിന്നതും അഭിനന്ദനാർഹമാണ് എന്ന് അവർ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കുനേരെ മുസഫർ നഗറിലും യുപിയുടെ മറ്റുഭാഗങ്ങളിലും നടന്ന ക്രൂരമായ വേട്ടയാടൽ ഗുജറാത്ത് മോഡൽ വംശഹത്യയെ ഓർമപ്പെടുത്തുന്നത് ആണ് എന്ന് അവർ പറഞ്ഞു.
രാജ്യത്ത് നിരപരാധികളായ യുവാക്കളാണ് കൊലചെയ്യപ്പെട്ടത്. മുസഫർ നഗറിൽ മുസ്ലിം കുടുംബങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകമാത്രമല്ല അവരുടെ സ്വത്തും കൊള്ളയടിച്ചു. മൻ കീ ബാത്തിൽ എന്തിനെക്കുറിച്ചും പറയുന്ന പ്രധാനമന്ത്രി ഇതിനെക്കുറിച്ച് പ്രതികരിച്ചില്ല.
മുസഫർ നഗറിലും സമീപ പ്രദേശങ്ങളിലും സന്ദർശിച്ചു തയ്യാറാക്കിയ വിശദ റിപ്പോർട്ട് അടുത്തുതന്നെ പ്രസിദ്ധീകരിക്കും എന്നും അവർ പറഞ്ഞു. മുസ്ലിം വീടുകളിൽ കയറിയാണ് പൊലീസ് അതിക്രമം കാട്ടിയത്. വിവാഹത്തിന് ഒരുക്കം നടത്തുന്ന വീട്ടിൽവരെ കയറി കൊള്ള നടത്തി.
ജെഎൻയു വിദ്യാർഥികളെ അതിക്രൂരമായാണ് വേട്ടയാടിയത്. ഹിന്ദുരക്ഷാസേന അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുപോലും ഡൽഹി പൊലീസ് ഒരു കേസ് രജിസ്‌റ്റർ ചെയ്‌തില്ലെന്നു മാത്രമല്ല, പരാതിപോലും സ്വീകരിക്കാൻ തയ്യാറായില്ല. പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്‌ക്കു എതിരാണ്. മേധാപട്‌കർ പറഞ്ഞു.