
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ, ഇന്ത്യ ഭരിക്കുന്നവർ സ്വാമി വിവേകാനന്ദനെയാണോ സവർക്കറെയാണോ അംഗീകരിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നതെന്ന് ഡോ. സുനിൽ പി ഇളയിടം. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനവേദിയിൽ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളിലെയും രാജ്യങ്ങളിലെയും പീഡിപ്പിക്കപ്പെട്ടവരെയും അഭയാർഥികളായവരെയും സ്വീകരിച്ച നാട്ടിൽനിന്നു വരുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നാണ് വിവേകാനന്ദൻ ചിക്കാഗോ പ്രസംഗത്തിൽ ഏഴാമത്തെ വാചകമായി പറഞ്ഞത്. അദ്ദേഹത്തെ ആദരിക്കുന്നുണ്ടെങ്കിൽ ചെയ്യരുതാത്ത കാര്യമാണ് ഇപ്പോൾ ബിജെപി സർക്കാർ നടപ്പാക്കുന്നത്.
ബ്രിട്ടീഷുകാർക്ക് പലതവണ മാപ്പെഴുതിക്കൊടുത്ത് ജയിൽമോചിതനായ പാരമ്പര്യമാണ് സവർക്കറുടേതായിട്ടുള്ളത്. ഇന്ത്യൻ ഭരണഘടനയുടെ മതേതരമൂല്യം രൂപപ്പെട്ടത് നൂറു വർഷക്കാലം നാനാജാതി മതങ്ങളിൽപ്പെട്ടവർ ഒരുമിച്ചുകൂടി നയിച്ച സ്വാതന്ത്ര്യ സമരത്തിന്റെ ഫലമായാണ്. ബിജെപിയും ആർഎസ്എസും മുന്നോട്ടുവയ്ക്കുന്ന അജൻഡ 1920ൽ സവർക്കർ എഴുതിവച്ച ഹിന്ദുത്വ അജൻഡയാണ്.
സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻജനത ഇത്തരമൊരു സ്ഥിതിവിശേഷത്തെ നേരിടുന്നത്. ജർമനിയിൽ അരങ്ങേറിയ മാതൃകയിൽത്തന്നെ ഇന്ത്യയിലും ഫാസിസം വരികയാണ്. ഇതിനെ മനുഷ്യന്റെ നീതിബോധത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് പൊരുതിത്തോൽപ്പിക്കേണ്ടതുണ്ടെന്നും സുനിൽ പി ഇളയിടം