
കുറ്റ്യാടി: പൗരത്വ നിയമത്തെ ന്യായീകരിക്കാന്‍ ബിജെപി നടത്തിയ പൊതുയോഗം കുറ്റ്യാടിയിലെ വ്യാപാരികളും ജനങ്ങളും ബഹിഷ്‌കരിച്ച സംഭവത്തിൽ ബിജെപിയെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് സന്ദീപാനന്ദഗിരി ബിജെപിയെ പരിഹസിച്ചത്.
സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
തെരുവോരത്ത് രാഷ്ട്രീയ വിശദീകരണയോഗം നടക്കുന്നു. കേൾക്കാൻ കസേരകൾ മാത്രമാണുള്ളത് ആകെയുള്ള നാലുപേരോടായി നേതാവിന്റെ പ്രസംഗം കത്തികയറുകയാണ്! അദ്ദേഹം സദസ്സിനോടായി കൈചൂണ്ടി ചോദിക്കുന്നു 1947 ഓഗസ്റ്റ് 15നു ശേഷം എന്തുണ്ടായി? സദസ്സിലെ നാലുപേരിലൊരാളായ മൈക്ക് ഓപ്പറേറ്റർ മറുപടി പറഞ്ഞു ഓഗസ്റ്റ് 16 ഉണ്ടായി. ബാക്കിയുള്ളവരെനോക്കിയപ്പോൾ അതിലെ രണ്ടുപേർ കസേരയടുക്കാൻ ആരംഭിച്ചു, നേതാവിനു കാര്യം പിടികിട്ടി ഇവർ കസേരയുടെ ആളുകളെന്ന്!
നേതാവിനാവേശം അണപൊട്ടി ബാക്കിയുള്ള ഒരുവനെ നോക്കി നിങ്ങളിലാണെന്റെ പ്രതീക്ഷയെന്നായി, പ്രസംഗം കഴിഞ്ഞിട്ടും പോകാത്ത അയാളോടു നേതാവു ചോദിച്ചു മിത്രോം,നിങ്ങളെന്താണു വീട്ടിലേക്കു പോകാത്തത്? അയാൾ മറുപടിപറഞ്ഞു ;ഞാൻ പതിവായി കിടക്കുന്ന സ്ഥലത്താണ് നിങ്ങൾ പ്രസംഗിച്ചുകൊണ്ടിരുന്നത് നിങ്ങൾ പോയിട്ട് വേണം എനിക്ക് കിടക്കാൻ……..
തിങ്കളാഴ്ച്ച വൈകുന്നേരമാണ് ബിജെപി ദേശ രക്ഷാ മാര്‍ച്ച് എന്ന പരിപാടി കുറ്റ്യാടിയില്‍ സംഘടിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മുന്‍പേ വ്യാപാരികള്‍ കടകളടക്കുകയും നാട്ടുകാര്‍ പരിപാടി നടക്കുന്ന സ്ഥലത്തു നിന്നും ഒഴിഞ്ഞു മാറുകയും ചെയ്തു.