
കൊച്ചി:കഴിഞ്ഞദിവസമാണ് മൂന്നാറിൽ സ്കൂൾ കൗൺസിലറായ 25 കാരി 14 കാരനായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതായി വാർത്ത വന്നത്.ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാർത്ഥിയെ കൗൺസിൽ ചെയ്തപ്പോൾ കുട്ടി കാര്യങ്ങൾ പറയുകയായിരുന്നു. എന്തായാലും സംഭവമങ്ങ് ആഘോഷിച്ചു. എന്നാൽ പരാതി വ്യാജമാണെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ ഭീഷണിപ്പെടുത്തി പരാതി എഴുതിവാങ്ങിക്കുകയാണുണ്ടായതെന് ഇപ്പോൾ പോലിസ് വ്യക്തമാക്കുന്നു. അധ്യാപകർക്കിടയിലുള്ള ഈഗോ പ്രശ്‌നവും കിടമത്സരവുമാണ് വ്യാജപരാതിക്കു പിന്നിൽ.
നിരപരാധിയായ യുവതിയിപ്പോൾ സൈക്യാട്രി ചികിത്സയിലാണ്.വിരോധം തീർക്കാനുള്ള ഏറ്റവും വൃത്തികെട്ട മാർഗമായിരിക്കുന്നു ഇപ്പോൾ പീഡന പരാതികൾ.കുട്ടിയുടെ മാതാപിതാക്കൾ തന്നെ വ്യാജപരാതിനൽകിയ ചൈൽഡ് ലൈൻ പ്രവർത്തകർക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.വ്യാജപരാതിക്കാരനെതിരെ കേസെടുക്കാൻ തയ്യാറായ പോലീസിനെ അഭിനന്ദിക്കണം.കാരണം സമാനമായ മറ്റു പല കേസുകളിലും അതുണ്ടാവാറില്ല.
പീഡന പരാതികൾ കണ്ണടച്ച് വിശ്വസിക്കരുത് ഒരിക്കലും. ഭർത്താവിനോടുള്ള വിരോധം തീർക്കാൻ മകളെക്കൊണ്ട് പിതാവിനെതിരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകിപ്പിച്ചത് കുറച്ച് ദിവസങ്ങൾക്കു മുമ്പാണ്.
കൗൺസലറായ യുവതിക്കെതിരേ പോക്സോ നിയമപ്രകാരം വ്യാജപരാതി നൽകിയ ചൈൽഡ് ലൈൻ പ്രവർത്തകനെതിരേ പോലീസ് കേസെടുത്തതോടെ യുവതിയും കുടുംബവും ഏറെ ആശ്വാസത്തിലാണ്. തന്നെ അടച്ചിട്ട ക്ലാസ്മുറിയിൽ വെച്ച് ഭീഷണിപ്പെടുത്തി പരാതി എഴുതി വാങ്ങുകയായിരുന്നുവെന്ന് കുട്ടി മൊഴി രേഖപ്പെടുത്താനെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. കുട്ടിയും മാതാപിതാക്കളും ചേർന്ന് പോലീസിൽ പരാതിയും നൽകിയതോടെയാണ് വ്യാജ പീഡനം പുറത്തായത്. ബാലാവകാശനിയമം, പോക്സോ തുടങ്ങിയ വകുപ്പുകൾ പ്രകാരം ചൈൽഡ് ലൈൻ പ്രവർത്തകനെതിരേ മൂന്നാർ പോലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തോട്ടം മേഖലയിലെ സ്കൂളിലെ വിദ്യാർഥിയെ വനിതാ കൗൺസലർ പീഡിപ്പിച്ചതായി പോലീസിന് പരാതി ലഭിച്ചത്. സ്കൂളിലെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകനാണ് ഇത് സംബന്ധിച്ച് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഇയാൾക്കെതിരേ വിശദമായ അന്വേഷണം നടത്തുമെന്ന് എസ്.എച്ച്.ഒ. റെജി എം.കുന്നിപ്പറമ്പിൽ പറഞ്ഞു.
പീഡനങ്ങൾ നാം ആഘോഷിക്കും. യഥാർത്ഥ്യം ആരുമറിയില്ല.ജീവിതവും സന്തോഷവും നഷ്ടപ്പെട്ട നിരപരാധികൾ സമൂഹത്തിൽ ജീവനുള്ള ശവങ്ങളായി മാറും.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ