
പൊന്നാനി: സാഹിത്യ അധിനിവേശവും സാമ്രാജ്യത്വവിരുദ്ധ പോരാട്ടവും സമന്വയിച്ച പൊന്നാനിയുടെ സാംസ്കാരികഭൂമിയിൽ മൂന്ന് ദിനരാത്രങ്ങൾ ഇനി സാഹിത്യസംഗമം.പുരോഗമനകലാ സാഹിത്യസംഘത്തിന്റെ പന്ത്രണ്ടാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമായി ഇടശ്ശേരി നഗറിൽ (മാസ് ഓഡിറ്റോറിയം) രാവിലെ 10ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു.. മന്ത്രി കെ ടി ജലീൽ അധ്യക്ഷനായി. വൈശാഖൻ, ചാത്തനാത്ത് അച്യുതനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ഖദീജ മുംതാസ്, എം എം നാരായണൻ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായുള്ള നാല് സ്‌മൃതിയാത്രകൾ തിങ്കളാഴ്‌ച വൈകിട്ട് പൊന്നാനിയിൽ സംഗമിച്ചിരുന്നു.. സംഗമ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. പി വി കെ പനയാൽ അധ്യക്ഷനായി. കരിവെള്ളൂർ മുരളി, ബഷീർ ചുങ്കത്തറ, ഗോകുലേന്ദ്രൻ എന്നിവർ സംസാരിച്ചു. ടി എം സിദ്ദീഖ് സ്വാഗതം പറഞ്ഞു. ചൊവ്വാഴ്‌ച പകൽ 2.30ന് പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുൺ അധ്യക്ഷനായി.. സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ റിപ്പോർട്ടും ട്രഷറർ ടി ആർ അജയൻ കണക്കും വി എൻ മുരളി നയരേഖയും അവതരിപ്പിച്ചു.
‘ഫാസിസത്തിനെതിരെ ജനകീയകല’ സെമിനാർ വൈകിട്ട് അഞ്ചിന് നടക്കും. ഡോ. കെ ജി പൗലോസ് അധ്യക്ഷനാകും. ഡോ. എം എൻ കാരശ്ശേരി, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. എ കെ നമ്പ്യാർ എന്നിവർ വിഷയം അവതരിപ്പിക്കും. തുടർന്ന് മോയിൻകുട്ടി വൈദ്യർ സ്മാരകം കലാകാരന്മാരുടെ മാപ്പിളപ്പാട്ടുമുണ്ടാകും. 16 വരെ സമ്മേളനം തുടരും.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ