
കുറ്റ്യാടി: ബി.ജെ.പിയുടെ കുറ്റ്യാടി റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിനെതിരെ പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയിലാണ് കുറ്റ്യാടി പൊലീസ് കേസെടുത്തത്.
പൌരത്വ നിയമ ഭേദഗതിക്ക് അനുകൂലമായാണ് ബി.ജെ.പി കുറ്റ്യാടിയില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചത്. റാലി ആരംഭിക്കും മുമ്പേ ടൌണിലെ ഭൂരിഭാഗം കടകളും വ്യാപാരികള്‍ അടച്ചു. ഇതിനു പിന്നാലെയാണ് റാലി നടന്നത്.
പ്രകോപന പരമായ മുദ്രാവാക്യങ്ങളായിരുന്നു റാലിയില്‍ ഉടനീളം. ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന ഭീഷണി ഉള്‍പ്പെടെയുണ്ടായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവരികയും ചെയ്തു. തുടര്‍ന്നാണ് വിവിധ പാര്‍ട്ടികള്‍ പൊലീസിനെ സമീപിച്ചത്.
മതസ്പര്‍ദ്ധ സൃഷ്ടിച്ചതിന് കേസെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. യൂത്ത് ലീഗും പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും ഇതേ ആവശ്യം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു.