fbpx

ഗുജറാത്ത് ആരും മറന്നിട്ടില്ല; ജനങ്ങളെ നിരന്തരമായി ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും; വാരിച്ചുറ്റിയ നീലപ്പുതപ്പിനകത്ത് എത്ര നേരമെന്നു വെച്ചാണ് കുറുക്കൻ കൂകാനുള്ള ഉൾപ്രേരണ ഒളിപ്പിച്ചു വയ്ക്കുക?; ബിജെപിയുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ തോമസ് ഐസക്

തിരുവനന്തപുരം: ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല. മറക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. ജനങ്ങളെ നിരന്തരമായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ബിജെപിയുടെ വർഗീയ അജണ്ട പൊളിക്കാൻ ആ ഓർമ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. പൌരത്വബില്ലിന്റെയും പൗരത്വ രജിസ്റ്ററിന്റെയും യഥാർത്ഥ ഉന്നം ആരാണെന്ന് ഇന്ന് ബിജെപി ആർ എസ് എസുകാർ വിളിച്ച മുദ്രാവാക്യങ്ങളും രക്തദാഹമിരമ്പുന്ന പ്രസ്താവനകളും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തെളിയിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ മതപീഡനം അനുഭവിക്കുന്നവർക്ക് പൗരത്വം നൽകി ഇന്ത്യാക്കാരനാക്കുകയൊന്നുമല്ല ലക്ഷ്യം. ഈ രാജ്യത്ത് ജീവിക്കുന്നവരെത്തന്നെയാണ് ഉന്നമിടുന്നതെന്നും തോമസ് ഐസക് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കുറ്റ്യാടിയിലെ ബിജെപിക്കാർ വിളിച്ച ബോധവത്കരണ മുദ്രാവാക്യങ്ങളിൽ നരേന്ദ്രമോദി മുതൽ സാദാ അനുഭാവി വരെയുള്ളവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന മുസ്ലിംവിരുദ്ധത കത്തിക്കാളുന്നതിൽ അത്ഭുതമില്ല. വാരിച്ചുറ്റിയ നീലപ്പുതപ്പിനകത്ത് എത്ര നേരമെന്നു വെച്ചാണ് കുറുക്കൻ കൂകാനുള്ള ഉൾപ്രേരണ ഒളിപ്പിച്ചു വയ്ക്കുക? ഒരുവശത്ത് മുസ്ലിംങ്ങളെ ആശ്വസിപ്പിക്കാനും ബോധവത്കരിക്കാനുമെന്ന പേരിൽ ബിജെപിക്കാരുടെ ഗൃഹസന്ദർശനവും പൊതുയോഗ വിശദീകരണവും. മറുവശത്ത് ഗുജറാത്ത് ഓർമ്മയില്ലേയെന്ന് അവരോട് ഭീഷണി!

ഗുജറാത്തിൽ തങ്ങൾ നടത്തിയ കൊലയും കൊള്ളിവെയ്പ്പും ബലാത്സംഗങ്ങളും ഓർമ്മയില്ലേയെന്നാണ് പരസ്യമായി ചോദിക്കുന്നത്. ഏതറ്റം വരെ അധപ്പതിച്ച മനുഷ്യരാണെന്നു നോക്കൂ. മേൽപ്പറഞ്ഞ പാതകങ്ങളൊക്കെ സ്വന്തം പാർടിക്കാർ നടത്തിയ ധീരകൃത്യങ്ങളായി കരുതി മനസിൽ താലോലിക്കുകയും തക്കം കിട്ടിയാൽ അതൊക്കെ കേരളത്തിലും ആവർത്തിക്കാൻ വെമ്പി നടക്കുകയും ചെയ്യുന്ന ഇരുകാലികൾ നമുക്കു ചുറ്റുമുണ്ട്. നാട് കേരളമായതുകൊണ്ടും ഇവിടെ കമ്മ്യൂണിസ്റ്റുകാർക്ക് സംഘടനാശേഷിയുള്ളതുകൊണ്ടും മോഹം മനസിൽ വെച്ചിരിക്കുന്നെന്നേയുള്ളൂ.

രാജ്യമെമ്പാടും സംഘപരിവാർ ഗുണ്ടകൾ അത്യാവേശത്തിലാണ്. നേതാവെന്നോ അണിയെന്നോ ഭേദമില്ലാതെ എല്ലാവരും കൊലവെറിയുടെ വ്യാകരണത്തിലാണ് സംസാരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഞാനൊരു വീഡിയോ കണ്ടു. നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കുമെതിരെ ശബ്ദമുയർത്തിയാൽ വീട്ടിൽ കയറി തല്ലുമെന്നും കൊന്നു കളയുമെന്നുമൊക്കെ ഒരുത്തൻ ഒരു കൂസലുമില്ലാതെ കാമറയെ നോക്കി ഭീഷണി മുഴക്കുന്നു. ബിജെപിയ്ക്കെതിരെ സംസാരിക്കാൻ അമ്മയുടെ മുലപ്പാൽ കുടിച്ച ആരുണ്ടെന്നാണ് വെല്ലുവിളി. പോലീസും പട്ടാളവുമടക്കം എല്ലാ സംവിധാനങ്ങളുമെല്ലാം തങ്ങളുടെ കൈയിലാണെന്നൊരു മുന്നറിയിപ്പും.

ഈ ഭാഷയിൽ സംസാരിക്കുന്ന ബിജെപിയുടെ മന്ത്രിമാരെയും നാം കണ്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്നാണ് ഉത്തർപ്രദേശിലെ ബിജെപി മന്ത്രി രഘുരാജ് സിംഗിന്റെ ഭീഷണി. പൊതുമുതൽ നശിപ്പിച്ചവരെ ആസാമിലെയും ഉത്തർപ്രദേശിലെയും കർണാടകത്തിലെയും ബിജെപി സർക്കാർ പട്ടികളെപ്പോലെ വെടിവെച്ചു കൊന്നുവെന്നാണ് ബംഗാളിലെ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ വെളിപ്പെടുത്തൽ. ഒരു കൂട്ടക്കൊലയ്ക്ക് തങ്ങൾ ഒരുങ്ങിക്കഴിഞ്ഞു എന്നാണോ സംഘപരിവാറിന്റെ അനുയായികളും നേതാക്കളും രാജ്യത്തിനു നൽകുന്ന മുന്നറിയിപ്പ്?

ഗോവധ നിരോധന നിയമത്തിന്റെ പേരിൽ സംഘപരിവാർ ഗുണ്ടകൾ തെരുവിൽ അഴിഞ്ഞാടിയതുപോലൊരു സാഹചര്യം, പൌരത്വത്തിന്റെ പേരിലും രാജ്യത്താകെ സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. നാലാൾ കൂടുന്നിടത്തെല്ലാം പൌരത്വത്തിന്റെ പേരിൽ സംഘർഷമുണ്ടാക്കും. അതിനുള്ള റിഹേഴ്സലാണ് പ്രസംഗങ്ങളായും മുദ്രാവാക്യങ്ങളായും പുറത്തു വരുന്നത്.

പൌരത്വബില്ലിന്റെയും പൗരത്വ രജിസ്റ്ററിന്റെയും യഥാർത്ഥ ഉന്നം ആരാണെന്ന് ഈ മുദ്രാവാക്യങ്ങളും രക്തദാഹമിരമ്പുന്ന പ്രസ്താവനകളും അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിക്കുന്നു. മറ്റ് രാജ്യങ്ങളിൽ മതപീഡനം അനുഭവിക്കുന്നവർക്ക് പൗരത്വം നൽകി ഇന്ത്യാക്കാരനാക്കുകയൊന്നുമല്ല ലക്ഷ്യം. ഈ രാജ്യത്ത് ജീവിക്കുന്നവരെത്തന്നെയാണ് ഉന്നമിടുന്നത്.

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല. മറക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. ജനങ്ങളെ നിരന്തരമായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ബിജെപിയുടെ വർഗീയ അജണ്ട പൊളിക്കാൻ ആ ഓർമ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധം

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button