
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ മുസ്‌ലിംലീഗ് സുപ്രീം കോടതിയില്‍. ദേശീയ ജനസംഖ്യ റജിസ്റ്ററിനുള്ള നടപടികൾ നിർത്തിവെക്കാൻ നിർദേശിക്കണമെന്നവാശ്യപ്പെട്ടും ലീഗ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ജനുവരി പത്തിനാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനു തൊട്ടുപിന്നാലെ ഉത്തർപ്രദേശ് സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു. ഏതാണ്ട് 40,000 പേരുടെ പട്ടിക കേന്ദ്രസർക്കാറിന് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
കേന്ദ്ര സർക്കാർ പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത് സ്റ്റേ ചെയ്യണം എന്നാണ് ലീഗിന്റെ ആവശ്യം. പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധന നടത്തി വരികയാണ്. അതിന്റെ അന്തിമ നടപടി വരും വരെ ഇത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പികെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിനു വേണ്ടി അപേക്ഷ നൽകിയിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ കബിൽ സിബലുമായി കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് അഭിഭാഷകൻ ഹാരിസ് ബീരാൻ ആണ് മുസ്ലിം ലീഗിനു വേണ്ടി അപേക്ഷ ഫയൽ ചെയ്തത്.
കൂടാതെ മറ്റൊരപേക്ഷയും ലീഗ് സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിൽ രണ്ടാവശ്യങ്ങളാണുള്ളത്. ദേശീയ ജനസംഖ്യ റജിസ്റ്റർ നടപടികൾ നിർത്തി വെയ്ക്കാൻ നിർദേശിക്കണം എന്നതാണ് പ്രധാന ആവശ്യം.