
തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി ഗവർണർ. താൻ വെറും റബ്ബർസ്റ്റാമ്പല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഭരണഘടനയനുസരിച്ച് ഗവർണർ റബർസ്റ്റാമ്പല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർഡ് വിഭജനവുമായി ബന്ധപ്പട്ട ഓർഡിനൻസിന്റെ കാര്യത്തിൽ മാധ്യമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഗവർണർ.
ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ല. ഓർഡിനൻസുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അവയ്ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും സംശയങ്ങൾ പരിഹരിച്ചാൽ ഓർഡിനൻസിൽ ഒപ്പിടുമെന്നും ഗവർണർ പറഞ്ഞു. അതിന് തനിക്ക് സമയം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന എല്ലാ കാര്യങ്ങളെയും മെറിറ്റിൽ പരിഗണിച്ച് ഭരണഘടനാ ബാധ്യതകളാണ് നിറവേറ്റുന്നത്. അക്കാര്യത്തിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകളുമുണ്ടാകില്ലെന്നും ഗവർണർ വ്യക്തമാക്കി.
ഭരണഘടനാ ബാധ്യതകൾ നിറവേറ്റുമ്പോൾ അവ പൊതുസമൂഹവുമായി ചർച്ച ചെയ്യരുതെന്നത് സത്യപ്രതിജ്ഞയുടെ ഭാഗമാണ്. അക്കാര്യം ഞാൻ പാലിക്കുന്നു. എന്നാൽ മന്ത്രിമാരോ മറ്റുള്ളവരോ അത് പാലിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇവിടെ മന്ത്രിമാർ ചില കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. അതാണ് പ്രതികരണത്തിന് മുതിർന്നത്. താനുൾപ്പെടെ ആരും നിയമത്തിന് അതീതരല്ലെന്നും ഗവർണർ വ്യക്തമാക്കി. എന്നാൽ ചില ആളുകൾ നിയമത്തിന് അതീതരാണെന്ന് വിചാരിക്കുന്നുണ്ട്. അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമങ്ങൾ ഓർഡിനൻസായല്ല പകരം നിയമസഭയിൽ നിന്ന് അവ വരണമെന്നാണ് താൻ കരുതുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.