fbpx

ദേവീന്ദര്‍സിംഗും, സനാവുള്ളയും ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി? നിങ്ങള്‍ പറയൂ; ചിന്തിപ്പിക്കുന്ന ചോദ്യവുമായി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: ഭീകരര്‍ക്കൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയിലാവുകയും പാര്‍ലമെന്‍റ് ആക്രമണക്കേസ്, അഫ്സല്‍ ഗുരു എന്നീ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാവുമ്പോള്‍ ചിന്തിപ്പിക്കുന്ന പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെ പോരാടിയ ഇന്ത്യന്‍ സേനയില്‍ 30 വര്‍ഷത്തെ സേവനം ചെയ്ത മുഹമ്മദ് സനാവുള്ള,

ധീരതയ്ക്കുള്ള ഭരണകൂടത്തിന്റെ ബഹുമതി ലഭിച്ച ഇപ്പോള്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദര്‍സിംഗ് ഇവരില്‍ ആരാണ് യഥാര്‍ത്ഥ രാജ്യ സ്നേഹിയെന്ന് പിസി വിഷ്ണുനാഥ് ചോദിക്കുന്നു. പൗരത്വവും രാജ്യസ്‌നേഹവും മുൻനിർത്തി ആസേതു ഹിമാലയം അലയടിക്കുന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് സനാവുള്ളയുടെയും ദേവീന്ദര്‍സിംഗിന്റെയും ജീവിത പാഠങ്ങൾ എന്ന് പിസി വിഷ്ണുനാഥ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍: സനാവുള്ളയും ദേവീന്ദര്‍സിംഗും:-
നിങ്ങള്‍ പറയൂ ഇതില്‍ ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി?

കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെ പോരാടിയ, ഇന്ത്യന്‍ സേനയില്‍ 30 വര്‍ഷത്തെ ദീര്‍ഘ സേവനം അനുഷ്ഠിച്ച് വിരമിച്ച മുഹമ്മദ് സനാവുള്ളയെ ഓര്‍മ്മയില്ലേ? കശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കെതിരെ പോരാടിയ സൈനികന്‍ കൂടിയാണ് അദ്ദേഹം. 2014 ല്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി ഉയര്‍ത്തിയ സനാവുള്ളയെ, ഓണററി ലെഫ്റ്റനന്റായ് സൈനിക ബഹുമതി നല്‍കിയും ആദരിച്ചിരുന്നു. ആസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരനായി മുദ്രകുത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സനാവുള്ള ഇപ്പോള്‍ ‘ഇന്ത്യന്‍ പൗരനേയല്ല’ !!

തന്റെ ആര്‍മി റിട്ടേയര്‍മെന്റിന് ശേഷം അസാം ബോര്‍ഡര്‍ പൊലിസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു അദ്ദേഹം. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റായാണ് ഇത് പ്രവര്‍ത്തിച്ചത്. ഈ യൂണിറ്റ് തന്നെയാണ് സനാവുള്ളയെ അറസ്റ്റ് ചെയ്തതെന്നത് വിധിയുടെ മാത്രമല്ല, നിയമത്തിന്റെയും ക്രൂരഫലിതം.

രാജ്യത്തെ സേവിച്ചതിന് ഒരു സൈനികന് നല്‍കിയ പാരിതോഷികമാണത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനാല്‍ പുറത്തിറങ്ങിയെങ്കിലും നിലവില്‍ ഇന്ത്യന്‍ പൗരനല്ലെന്നത് ഒരു ‘കാവൽ ഭടനെ’ സംബന്ധിച്ച് എത്ര വേദനാജനകമായിരിക്കും ? സനാവുള്ളയെ പാര്‍പ്പിച്ച ഡിറ്റന്‍ഷന്‍ ക്യാമ്പിന്റെ ദയനീയ ചിത്രം അദ്ദേഹം തന്നെ വാര്‍ത്താ ഏജന്‍സികളോട് വിവരിച്ചതാണ്. വിദേശിയരാണെന്ന് മുദ്ര കുത്തപ്പെട്ട എത്രയോ ഹതഭാഗ്യരായ ആബാലവൃദ്ധം മനുഷ്യരെ അവിടെ അദ്ദേഹം കണ്ടു. കൊടിയ അനീതി നേരിട്ടിട്ടും രാജ്യത്തിനെതിരെ ഒരു വാക്ക്‌പോലും പറയാതെ ആ മനുഷ്യന്‍ തന്റെ വിധിയെ പഴിക്കുക മാത്രമാണ് ചെയ്തത്.

ഇനി മറ്റൊരു സൈനികനെ പരിചയപ്പെടാം; ദേവീന്ദര്‍സിംഗ്: വെറും സൈനികനല്ല-ജമ്മുകാശ്മീര്‍ പോലീസില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ധീരതയ്ക്കുള്ള ഭരണകൂടത്തിന്റെ ബഹുമതി ലഭിച്ചിരന്നു. ഇയാളെ ജമ്മു കാശ്മീർ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഒപ്പമുണ്ടായിരുന്നത്, ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സയ്യദ് നഷീദ് മുഷ്താഖും മറ്റ് കൊടും ഭീകരവാദികളും ആയിരുന്നു. ഇവർ റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം പ്ലാൻ ചെയ്തിരുന്നു എന്നതുൾപ്പെടെ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു.

ഇനി പറയൂ: ഇതില്‍ ആരാണ് രാജ്യസ്‌നേഹി?ആരാണ് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹന്‍? ദേവീന്ദര്‍സിംഗോ സനാവുള്ളയോ?
പൗരത്വവും രാജ്യസ്‌നേഹവും മുൻനിർത്തി ആസേതു ഹിമാലയം അലയടിക്കുന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് സനാവുള്ളയുടെയും ദേവീന്ദര്‍സിംഗിന്റെയും ജീവിത പാഠങ്ങൾ

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button