
പത്തനംതിട്ട: ശബരിമല തീർഥാടനകാലം അവസാനിക്കുമ്പോൾ എത്തിയത് 70 ലക്ഷം തീർഥാടകർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശബരിമലയിൽ, പരാതിയേതുമില്ലാതെ സുഗമവും സുരക്ഷിതവുമായ മണ്ഡല മകരവിളക്ക് സീസൺ ആണ് കഴിഞ്ഞത്.
സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലും ദേവസ്വം ബോർഡിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും ചിട്ടയായ പ്രവർത്തനവും തീർഥാടനകാലം സുരക്ഷിതവും പരാതിരഹിതവുമാക്കിയത്.
പ്രളയം വൻനാശം വിതച്ച പമ്പയിലടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കി. നിലയ്‌ക്കലിലും ഇടത്താവളങ്ങളിലും ഏർപ്പെടുത്തിയ സൗകര്യങ്ങൾ തീർഥാടകർക്ക് ഏറെ സഹായകമായി. പ്ലാസ്‌റ്റിക് വിമുക്ത തീർഥാടനം എന്ന സർക്കാർ ലക്ഷ്യം കൈവരിക്കാനായി.
തീർഥാടനവേളയിൽ ഒരിക്കൽപ്പോലും കുടിവെള്ളത്തിനോ അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങൾക്കോ ക്ഷാമമുണ്ടായില്ല. എത്ര തീർഥാടകർക്കും വിരിവയ്‌ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. 24 മണിക്കൂറും അന്നദാനവും ക്യൂവിൽ ചുക്കുവെള്ളം വിതരണത്തിനുള്ള സംവിധാനവും ഒരുക്കി.
70 ലക്ഷത്തോളം തീർഥാടകർ ദർശനം നടത്തി എന്നാണ് കണക്ക്. വരുമാനത്തിൽ ഇക്കുറി കഴിഞ്ഞതവണത്തേക്കൾ വൻ വർധനയുണ്ടായി എന്ന് ദേവസ്വം ബോർഡ് പ്രതിനിധി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ആകെ വരുമാനം 166.12 കോടി രൂപയായിരുന്നു. ഇത്തവണ 240 കോടി രൂപയാണ് ഇതുവരെയുള്ള വരുമാനം. കോടികളുടെ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനുമുണ്ട്. അത് കൂടി എണ്ണി തീർത്താൽ മാത്രമെ യഥാർത്ഥ കണക്ക് പറയാൻ ആകു.
മുഖ്യമന്ത്രി പങ്കെടുത്ത മൂന്ന് അവലോകനയോഗവും ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തിൽ രണ്ട് ഡസനോളം യോഗങ്ങളും ചേർന്നു. പൊലീസ്, ആരോഗ്യവകുപ്പ്, ഫയർഫോഴ്‌സ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ചിട്ടയായ പ്രവർത്തനമുണ്ടായി. ദുരന്തനിവാരണ വകുപ്പ് സർവസജ്ജമായി. മാലിന്യസംസ്‌കരണത്തിനായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി.
കെഎസ്‌ആർടിസിയുടെ ചെയിൻ സർവീസും തിരക്കിൽ ഏർപ്പെടുത്തിയ പ്രത്യേക സർവീസുകളും തീർഥാടകർക്ക് സഹായകമായി. കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ ചേർന്നു. ഒരു പരാതിപോലും ഉയരാത്ത തീർഥാടനം എന്ന നിലയിൽ ദേവസ്വം ബോർഡിന് അഭിമാനിക്കാനാകുന്ന തീർഥാടനകാലമാണ് ഇത്തവണത്തേതെന്ന് പ്രസിഡന്റ് അഡ്വ. എൻ വാസു പറഞ്ഞു.