
തിരുവനന്തപുരം: രാജ്യത്തിന്റെ വലിയ നേട്ടമെന്നത് ജനാധിപത്യ മതേതരത്വ മൂല്യങ്ങളാണ് എന്ന് എം മുകുന്ദൻ. ഈ മൂല്യം നഷ്ടപ്പെട്ടാൽ രാജ്യം നശിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും നമുക്ക് സംസാരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇന്ന‌് നിശബ്ദരാക്കാനുള്ള ശ്രമമാണ‌് എന്നും അദ്ദേഹം വ്യക്തമാക്കി.
സംസാരിക്കാൻ ഭയപ്പെടുന്ന അന്തരീക്ഷം വളരുകയാണ്. എവിടെയൊക്കയോ ആരൊക്കയോ ഒളിച്ചിരിക്കുന്നുണ്ടെന്ന തോന്നൽ ശക്തമാവുന്നു. ഫാസിസ്റ്റ് ഭൂതത്തിന്റെ കാലൊച്ച വീട്ടുമുറ്റത്ത് എത്തി എന്നും. രാജ്യത്തിന്റെ വിളക്കാണ് നമ്മുടെ ഭരണഘടന.
പൗരത്വ ഭേദഗതി നിയമത്തിലൂടെ ആ പ്രകാശം കെടുത്തുകയാണ്. എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. മനുഷ്യ മഹാശൃംഖല അതിന്റെ ഭാഗമാണ്. അതിൽ എല്ലാവരും കണ്ണികളാവണം എന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമമെന്നത് നമ്മുടെ മാത്രമല്ല, ലോകത്തിന്റെ പ്രശ്‌നമായി മാറി. പ്രക്ഷോഭം രാജ്യത്തിന്റെ അതിരുകൾ കടന്നുപോയി. ഓക്‌സ്‌ഫോഡ്, ഹാർവാഡ് യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരും വിദ്യാർഥികളും തെരുവിലിറങ്ങുന്നു. ഈ പ്രക്ഷോഭത്തിൽ ലോകം നമ്മുടെ കൂടെയുണ്ട്.