
തിരുവനന്തപുരം: ജനുവരി 26 ന് എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന മനുഷ്യമഹാ ശൃംഖലയ്ക്ക് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ്. ദേശാഭിമാനി പത്രം ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മതേതരത്വം സംരക്ഷിക്കാനും ജാതി, മത, വർണ, വർഗ വ്യത്യാസങ്ങൾക്ക് അതീതമായി തുല്യത ഉറപ്പുവരുത്താനുമുള്ള സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലയിൽ പങ്കുചേരേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ശൃംഖലയിൽ താനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസത്തിനെതിരെ ഇത്രയും ധീരമായ നിലപാടും നേതൃത്വവും ഇന്ത്യയിൽ മറ്റൊരു സർക്കാരും എടുത്തിട്ടില്ലെന്ന് ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി. ഭീഷണികൾക്കും തിട്ടൂരങ്ങൾക്കും മുമ്പിൽ തലകുനിക്കാതെ ആർജവത്തോടെ നിലപാടുകൾ എടുക്കുന്ന മുഖ്യമന്ത്രിക്കും സർക്കാരിനും അഭിവാദ്യങ്ങൾ എന്നും.
ദേശീയതലത്തിൽത്തന്നെ ഫാസിസ്റ്റുവിരുദ്ധ പ്രതിരോധത്തിന് ആവേശകരമായ നേതൃത്വമാണ് പിണറായി വിജയൻ സർക്കാർ നൽകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.മതനിരപേക്ഷതയും സമഭാവനയും തകർക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും രജിസ്റ്ററിനും എതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതും മാതൃകാപരമായ രാഷ്ട്രീയ ഇടപെടലാണ്. മറ്റു സംസ്ഥാന സർക്കാരുകളും ആ വഴി പിന്തുടരും എന്നു കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.