
തിരുവനന്തപുരം: മുൻമന്ത്രി കെ.ബാബുവിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു.വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് ചോദ്യം ചെയ്തത്. അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു.
തനിക്ക് വരവിൽകവിഞ്ഞ സ്വത്ത് തനിക്കില്ലെന്നും
വിജിലൻസിന്റെ കുറ്റപത്രം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നു. ബാബു എൻഫോഴ്സ്മെന്റിനെ അറിയിച്ചു. കേസിൽ വിജിലൻസ് നൽകിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
കെ.ബാബുവിനും കൂട്ടർക്കുമെതിരേ 150 കോടിയുടെ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് തുടക്കത്തിൽ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റും കേസിൽ ഇടപെട്ടത്. എന്നാൽ അന്വേഷണം പൂർത്തിയായപ്പോൾ വിജിലൻസ് നേരത്തെ പറഞ്ഞ വരവിൽ കവിഞ്ഞ സ്വത്ത് ഇരുപത്തിയഞ്ചുലക്ഷമായി കുറഞ്ഞു.
കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി കഴിഞ്ഞ ദിവസമാണ് ബാബുവിന്റെ മൊഴി എടുത്തത് തനിക്ക് കിട്ടിയ ട്രാവൽ, ഡെയ്ലി അലവൻസുകൾ വരുമാനമായി കണക്കാക്കിയതാണ് തെറ്റായ കണക്കിലേക്ക് വിജിലൻസിനെ നയിച്ചതെന്ന് കെ.ബാബു പറയുന്നു.
സാധാരണ ഗതിയിൽ വിജിലൻസ് കണ്ടെത്തിയ സമ്പാദ്യങ്ങൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെന്റ് നീങ്ങും. അതേസമയം തന്റെ ആസ്തി വിവരങ്ങൾ കണക്കുകൂട്ടിയതിൽ വിജിലൻസിന് പിഴവ് സംഭവിച്ചുവെന്ന നിലപാടിലാണ് കെ. ബാബു. ഇത് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോടും അദ്ദേഹം ആവർത്തിച്ചു.