
തിരുവനന്തപുരം: നിർണായക തീരുമാനവുമായി ഡിജിപി ലോക്‌നാഥ് ബെഹ്റ. കേസുകളുമായി ബന്ധപ്പെട്ട് സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്ന വ്യവസ്ഥകൾ കർശനമായി പാലിക്കാൻ നിർദേശം.
നിയമത്തിലെ 161(1) വകുപ്പ് പ്രകാരം സ്ത്രീകളെ സ്റ്റേഷനിൽ വിളിച്ചുവരുത്താൻ പാടില്ല. സ്‌ത്രീകളുടെ മൊഴി ഒപ്പിട്ടുവാങ്ങേണ്ട ആവശ്യവുമില്ല. മൊഴി രേഖപ്പെടുത്തുന്നത് അവരുടെ താമസസ്ഥലത്ത് വച്ചാകണം. ഈ വ്യവസ്ഥകൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ലോക്‌നാഥ് ബെഹ്റ മുന്നറിയിപ്പ് നൽകി.
കുറ്റകൃത്യത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് നിയമസംരക്ഷണവും ആരോഗ്യ പ്രവർത്തകരുടെയും വനിതാ സംഘടനകളുടെയും സഹായവും ലഭ്യമാക്കണമെന്നും. ചില വകുപ്പുകൾ പ്രകാരമുളള കുറ്റകൃത്യങ്ങൾക്ക് ഇരയായ സ്ത്രീ അക്കാര്യം അറിയിച്ചാൽ വനിതാ ഓഫീസർ ആ വിവരം രേഖപ്പെടുത്തണം എന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരി വൈകല്യം നേരിടുന്നുണ്ടെങ്കിൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് അവർക്ക് സൗകര്യപ്രദമായ സ്ഥലത്തുവച്ചോ അവരുടെ വീട്ടിൽവച്ചോ ആയിരിക്കണം. കൂടാതെ മെഡിക്കൽ ഓഫീസറുടേയോ
ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററുടേയോ ഇന്റർപ്രട്ടറുടേയോ സാന്നിധ്യത്തിലാകണം വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. കൂടാതെ ഇവ വീഡിയോയിൽ പകർത്തുകയും മൊഴി റെക്കോഡ് ചെയ്യുകയും ചെയ്യണം.