
കണ്ണൂർ: ഭവനരഹിതരുടെ കാര്യത്തിൽ നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി. ലൈഫ് മിഷൻ പദ്ധതിയിൽ മാനദണ്ഡങ്ങളുടെ പേരിൽ ഉൾപ്പെടാതെപോയ ഭവനരഹിതർക്കായി അനുബന്ധ പട്ടിക തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ലൈഫ് മിഷൻ പദ്ധതി പൂർത്തിയാകുന്ന മുറയ്‌ക്ക് ഇതിലുൾപ്പെടാത്ത മറ്റുള്ളവരുടെ പ്രശ്‌നവും പരിഹരിക്കും എന്നും ഒരാശങ്കയും വേണ്ട എന്നും മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ വീടുകൾ പൂർത്തിയായ ഗുണ ഭോക്താക്കളുടെ ജില്ലാതല സംഗമം കണ്ണൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫ് പദ്ധതിയിൽ മൂന്നുതരം ഗുണഭോക്താക്കളാണ് ഉള്ളത്. പദ്ധതികളിൽ നേരത്തേയുള്ള സഹായം ലഭിച്ച്, പല കാരണങ്ങളാൽ ഇടയ്‌ക്കുവച്ചു നിർമാണം നിന്നു പോയവർക്കാണ് ആദ്യ പരിഗണന. ഈ ഗണത്തിൽ വരുന്നത് 54,183 പേരാണ്. ഇതിൽ 96 ശതമാനം വീടുകളും പൂർത്തിയായി.
രണ്ടാം ഘട്ടത്തിൽ സ്ഥലമുണ്ടെങ്കിലും വിടില്ലാത്തവരെയാണ് പരിഗണിച്ചത്. 91,147 ഗുണഭോക്താക്കളിൽ 60,524 പേരുടെ വീടുകൾ (66.3 ശതമാനം) പൂർത്തിയായി. മൂന്നാംഘട്ടം സ്ഥലവും വീടും ഇല്ലാത്തവർക്കായാണ് . 1 ലക്ഷത്തിലേറെ ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിനായി സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണുദ്ദേശിക്കുന്നത്.
പത്തു ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ടെൻഡറായി. 56 എണ്ണത്തിന്റെ പദ്ധതിരേഖ തയ്യാറായിവരുന്നു. ഫെബ്രുവരിയിൽ പ്രവൃത്തി തുടങ്ങാനാകും. 72,000 രൂപ മാത്രമാണ് പിഎംഎവൈ പദ്ധതിയിൽ കേന്ദ്രവിഹിതം. ബാക്കി 2,80,000 രൂപയും സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്നാണ് നൽകുന്നത്. പിഎംഎവൈ നഗരം പദ്ധതിയിൽ 1 അര ലക്ഷം കേന്ദ്രം നൽകുമ്പോൾ 2.5 ലക്ഷം സംസ്ഥാന വിഹിതമാണ്.
ആരുടെയെങ്കിലും പേരിലല്ല, ലൈഫ് പദ്ധതിയുടെ ഭാഗമായാണ് ഇതിനെ കാണേണ്ടത് എന്നും. അതേസമയം പ്രത്യേകം പേരു പറയുന്നെങ്കിൽ കൂടുതൽ പണം നൽകുന്നവരുടെ പേരല്ലേ പറയേണ്ടത് എന്നും? മുഖ്യമന്ത്രി പറഞ്ഞു.