
പൊന്നാനി:”നർമ്മത്തിലൂടെ മർമ്മം” എന്ന
സോഷ്യൽ മീഡിയയിൽ വൈറലായ ട്രാഫിക് ബോധവത്കരണ വീഡിയോക്കു ദിവസങ്ങൾക്കകം 2 മില്യണിലധികം കാഴ്ചക്കാർ പിന്നിട്ടു. വീഡിയോക്കു പിന്നിൽ പ്രവർത്തിച്ച പോലീസുകാരായ ഹരിനാരായണനും ഫിലിപ്പിനും മുഖ്യമന്ത്രിയുടെയും ഡിജിപി ലോകനാഥ ബെഹ്റയുടെയും ഉള്ളുതുറന്ന അഭിനന്ദനം.
പൊന്നാനിക്കടുത്ത് തണ്ടിലം സ്വദേശിയായ ഹരിനാരായണൻ എടവണ്ണ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്.ഫിലിപ്പ് മമ്പാട് മലപ്പുറം ട്രാഫിക് എൻഫോഴ്സ്മെന്റിലാണ് ജോലി.ഇവർ രണ്ടുപേരും ചേർന്ന് സ്ക്രിപ്റ്റ് എഴുതിയ “നർമ്മത്തിലൂടെ മർമ്മത്തിലൂടെ” എന്ന വീഡിയോക്ക് ശബ്ദം നൽകിയത് ഏറനാടൻ ശൈലിയിൽ പ്രസിദ്ധനായ
പാണാളി ജുനൈസാണ്.
കേരളത്തിന്റെ മുക്കിലും മൂലയിലും, ട്രെയിനിലും, ബസിലും, സകലമാനമൊബൈൽ ഫോണുകളിലും ദിവസത്തിലൊരിക്കലെങ്കിലും മുഴങ്ങുന്ന പരസ്യങ്ങളിലെ വേറിട്ട ശബ്ദമാണ് ജുനൈസിന്റേത്.പതിവു പോലീസ് ശൈലിയിൽനിന്ന് വിഭിന്നമായി പരപ്പനങ്ങാടി സ്വദേശി ഉസ്മാൻ തയ്യാറാക്കിയ ആനിമേഷനാണ് ഈ ട്രാഫിക് ബോധവത്കരണത്തെ കൂടുതൽ ഹിറ്റാക്കിയ മറ്റൊരു ഘടകം.
നർമ്മത്തിലൂടെ മർമ്മത്തിൽ കൊള്ളുന്ന കേരളാപോലീസിന്റെ ഈ ട്രാഫിക് ബോധവത്കരണ വീഡിയോക്ക് ദിവസങ്ങൾക്കകം 2 മില്യണിലധികം കാഴ്ചക്കാരാണ് കിട്ടിയത്. ഷെയർതന്നെ മില്യൺ കവിഞ്ഞു. ജനുവരി മൂന്നിനാണ് പോലീസിന്റെ വെബ്സൈറ്റിലും, ഫെയ്സ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടത്. പതിവുരീതികളില്‍ നിന്ന് അല്പം മാറിയായിരുന്നു വീഡിയോയുടെ ചിത്രീകരണം. തനി മലപ്പുറം ശൈലിയിൽ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ള വീഡിയോയുടെ സ്വീകാര്യതകണ്ട് കേരളാപോലീസ് പോലും അമ്പരന്നിരിക്കുകയാണിപ്പോൾ.ട്രാഫിക് ബോധവത്കരണത്തിനായി കേരളാപോലീസ് പലപ്പോഴും വിത്യസ്ത മാർഗങ്ങൾ പ്രയോഗിക്കാറുണ്ട്. അത്തരത്തിൽ കേരളാപോലീസ് തയാറാക്കിയ ട്രാഫിക് ബോധവത്കരണ വീഡിയോയാണ് ഇപ്പോൾ വൈറലായത്. ഇതിനായി ഇറക്കിയ നര്‍മംതുളുമ്പുന്ന വീഡിയോ സെലിബേറ്റികൾവരെ
ഇതിനോടകം ഷെയർ ചെയ്തുകഴിഞ്ഞു.പൊതുജനങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് നർമ്മത്തിൽ ചാലിച്ച് വീഡിയോയിൽ ഓർമിപ്പിക്കുന്നത്.
“ഞങ്ങളെ ശത്രുക്കളായി കാണല്ലെ, ഒരു ജീവന്‍ പോലും അശ്രദ്ധമൂലം പൊലിയരുതെന്ന ആഗ്രഹംകൊണ്ടാണ്’ എന്ന തലക്കെട്ടോടുകൂടിയാണ് അഞ്ചു മിനിറ്റുള്ള ഈ വീഡിയോ കേരള പോലീസ് ഓഫീഷ്യൽ പേജിൽ നൽകിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയു അബ്ദുൽകരീമിന്റെ
മേൽനോട്ടത്തിലാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.ജില്ലാ പോലീസ് മേധാവി നൽകിയ സ്വാതന്ത്യമാണ് വീഡിയോ മികച്ചതാക്കാൻ സഹായിച്ചതെന്ന് ഹരിനാരായണൻ പറയുന്നു.4 വർഷത്തോളം ചങ്ങരംകുളം സ്റ്റേഷനിലും കുറ്റിപ്പുറത്തും സേവനം ചെയ്ത ഹരിനാരായണൻ ഇപ്പോൾ എടവണ്ണ സ്റ്റേഷനിലാണ്.അടുത്തയാഴ്ച സ്വന്തം നാടായ പൊന്നാനി സ്റ്റേഷനിൽ ചാർജെടുക്കും.മോട്ടിവേഷൻ ക്ലാസുകളിലൂടെ ഏറെ പ്രസിദ്ധനാണ് ഫിലിപ്പ് മമ്പാട്.ഡി.ഐ.ജി എസ് സുരേന്ദ്രൻ ഐപിഎസിൽ നിന്നും അഭിനന്ദന പത്രം ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ പോലീസുകാർ.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ.