
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാർത്താ സമ്മേളനത്തിൽ ഭീഷണിപ്പെടുത്തിയതിന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. സെന്‍കുമാറിനെ കൂടാതെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണു പരാതി നല്‍കിയത്. സംഘം ചേർന്നു ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ജനുവരി 16ന് വെള്ളാപ്പള്ളി നടേശനെതിരെ നടത്തിയ വാർത്താസമ്മേളനത്തിനിടയിലാണു മുൻ ഡിജിപി സെൻകുമാർ മാധ്യമപ്രവർത്തകനോട് മോശമായി പെരുമാറിയത്.
സെൻകുമാറിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത രണ്ടുപേർ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. കടവിൽ റഷീദിനോടാണ് സെൻകുമാർ തട്ടികയറിയത്. സെൻകുമാറിനെ രൂക്ഷമായി വിമർശിച്ച് പ്രമുഖ മാധ്യമപ്രവർത്തകർ അടക്കം രംഗത്തെത്തിയിരുന്നു. പത്രപ്രവർത്തക യൂണിയൻ സെൻകുമാറിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.