
പൊന്നാനി: പന്താവൂരിലും പത്മശ്രീതിളക്കം. പ്രൊഫസർ പ്രദീപ് തലാപ്പിലിനാണ് ഇത്തവണ പത്മശ്രീ ലഭിച്ചത്.പ്രത്യേകയിനം അരിയുടെ തവിടിൽ വെള്ളിയുണ്ടെന്ന് പ്രദീപ് 2017ൽ കണ്ടെത്തിയത് ഗവേഷണരംഗത്ത് ഏറെ പ്രസിദ്ധമാണ്. ഐ.ഐ.ടി മദ്രാസിലെ പ്രൊഫസറും നാനോടെക്നോളജിയിലെ ശാസ്ത്രജ്ഞനുമാണു പ്രദീപ്.
പശ്ചിമ ബംഗാളിലെ പുരുലിയ പ്രദേശത്ത് വളർത്തുന്ന ഗരീബ് സാൽ എന്ന ഇനം നെല്ലു കുത്തിയെടുത്ത അരിയുടെ തവിടിലാണ് വലിയ അളവിൽ വെള്ളിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്നുവർഷമായി പ്രദീപും സംഘവും ഇതിന്റെ ഗവേഷണത്തിലായിരുന്നു. ഇത്തരം കണ്ടെത്തലുകൾ അംഗീകരിച്ചു പ്രസിദ്ധപ്പെടുത്തുന്ന അമേരിക്കൽ കെമിക്കൽ സൊസൈറ്റിയുടെ സയൻസ് ജേണലിൽ ഈ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചുകഴിഞ്ഞു.
വിലയേറിയ മൂലകങ്ങളായ(നോബിൾ മൂലകം) വെള്ളി, സ്വർണം, പ്ലാറ്റിനം എന്നിവയിലൊന്നായ വെള്ളി നെല്ലിൽ അടങ്ങിയിരിക്കുന്നു എന്നത് ലോകത്തിനുതന്നെ പുതിയ അറിവാണ്. ഒരു കിലോഗ്രാം അരിയിൽ 15 മില്ലി ഗ്രാം വെള്ളി അടങ്ങിയിരിക്കുന്നതായാണ് പ്രദീപും സംഘവും നടത്തിയ ഗവേഷണത്തിലൂടെ തെളിഞ്ഞിട്ടുള്ളത്.
വെള്ളിക്കുപുറമെ ഇരുമ്പ് സിങ്ക്, അടക്കമുള്ള വിവിധ മൂലകങ്ങളും തവിടിലുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത് ഔഷധനിർമാണ മേഖലയിലും വലിയ മുന്നേറ്റത്തിനു കാരണമാകുമെന്നാണ് സൂചന. ഈ രീതിയിൽ നെൽകൃഷിയെ വിനിയോഗിച്ചാൽ വലിയ ലാഭകരമായ രീതിയിലാക്കാനാവുമെന്നുമാണ് ഇവർ പറയുന്നത്.അഞ്ഞൂറിൽപരം നെൽ ഇനങ്ങളിൽ പരിശോധന നടത്തിയാണ് ഗരീബ്സാൽ എന്ന നെല്ലിനത്തിന്റെ സവിശേഷത കണ്ടെത്തിയത്. എന്തായാലും രാജ്യം ഈ ശാസ്ത്രജ്ഞന് പത്മശ്രീ നൽകിയാണ് ആദരിച്ചത്.
കേരളത്തിന്റെയും പ്രത്യേകിച്ച് പന്താവൂരിന്റെയും അഭിമാനമാണ് ഈ ശാസ്ത്രജ്ഞൻ.പന്താവൂരിലെ സാഹിത്യകാരനായിരുന്ന പരേതനായ എം.എൻ. തലാപ്പിലിന്റെ മകനും പന്താവൂർ സംസ്കൃതി സ്കൂളിന്റെ ട്രസ്റ്റിയുമാണ് പ്രദീപ്.മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രസതന്ത്രവിഭാഗം പ്രൊഫസറും നാനോടെക്ണോളജിയിൽ പ്രഗല്ഭനായ ശാസ്ത്രജ്ഞനുമാണ് ഡോ.ടി. പ്രദീപ്. 2008 ലെ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരംലഭിച്ചിട്ടുണ്ട് .
നാനോ ടെക്‌നോളജിയിലും തന്മാത്രാ ഫിലിമുകളിലും നടത്തിയ നിർണായകമായ ഗവേഷണങ്ങളാണ് പ്രദീപിനെ അവാർഡിന് അർഹനാക്കിയത്.
തലാപ്പിൽ നാരായണൻ നായരുടേയും പി.പി.കുഞ്ഞി ലക്ഷ്മി അമ്മയുടെ മകനായി 1963 ജൂലൈ 8 ന് പന്താവൂരിലാണ് ജനനം. വിവിധ വിഷയങ്ങളിലായി 170ഓളം പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ‘കുഞ്ഞു കണങ്ങൾക്ക് വസന്തം’ എന്ന പേരിൽ നാനോ ടെക്നോളജിയെക്കുറിച്ച് മലയാളത്തിൽ ഇദ്ദേഹത്തിന്റെതായി ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വൈജ്ഞാനിക സാഹിത്യത്തിനുള്ള 2010 ലെ ഏറ്റവും നല്ല കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. മൂക്കുതല ഗവ.സ്‌കൂൾ, എം.ഇ.എസ്. പൊന്നാനി കോളേജ്, തൃശൂർ സെന്റ്‌തോമസ് കോളേജ്, കോഴിക്കോട് ഫാറൂഖ് കോളേജ്, ഐ.ഐ.എസ് ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാഭ്യാസം. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ,ബെർക്കിലി, പെർഡ്യൂ യൂണിവേഴ്‌സിറ്റി, ഇൻഡ്യാന എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തി.ശുഭയാണ് ഭാര്യ. രഘു, ലയ എന്നിവർ മക്കളാണ്.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ