
തിരുവനന്തപുരം: മോഡിസർക്കാരിന്റെ ഭരണഘടന വിരുദ്ധതയ്ക്കെതിരെ എൽഡിഎഫ് തീര്‍ത്ത മനുഷ്യ മഹാശൃംഖലയില്‍ വൻ ജനപങ്കാളിത്തം. കൈകോര്‍ത്ത് നിന്നത് എഴുപതുലക്ഷത്തിനടത്ത് ആളുകൾ. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെയുള്ള ദേശീയപാതയിലാണ് 70 ലക്ഷത്തോളം പേര്‍ പങ്കെടുത്ത മനുഷ്യശൃംഖല തീര്‍ത്തത്.
പൗരത്വ നിയമം പിന്‍വലിക്കുക, ഭരണഘടന സംരക്ഷിക്കുക,എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് മനുഷ്യമഹാശൃംഖല ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ്ശൃംഖലയുടെ കണ്ണിയായത്. കാനം രാജേന്ദ്രൻ തുടങ്ങിയ മുതിര്‍ന്ന ഇടതുപക്ഷനേതാക്കളും പാളയത്ത് തന്നെയാണ് അണിനിരന്നത്.
സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള കാസര്‍ഗോട്ടും. കളിയിക്കാവിളയില്‍ പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയും കണ്ണിയായി. പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് രൂപപെട്ടിട്ടുള്ള ജനവികാരം സമരത്തിലൂടെ കേന്ദ്രത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ സമരമുറയിലുടെ എൽഡിഎഫ‌് ലക്ഷ്യമിടുന്നത്.
ആഷിക് അബു, ബി ഉണ്ണികൃഷ്ണൻ അടക്കം നിരവധി പ്രമുഖർ എറണാകുളത്ത് മഹാശൃംഖലയിൽ കണ്ണിയായി. വൈകീട്ട് മൂന്നരയ്ക്ക് നടന്ന റിഹേഴ്സലിനുശേഷം 4ന് മഹാശൃംഖലയിൽ ഭരണഘടന ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഈ അത്യപൂർവമായ നിമിഷങ്ങള റിപ്പോര്‍ട്ട് ചെയ്യാൻ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ചിത്രങ്ങൾ കടപ്പാട്