
തിരൂർ: മതം മാറി നിന്നു; ഉത്സവം ഗംഭീരമായി; മുടങ്ങിപ്പോയ ക്ഷേത്രോത്സവം നടത്താൻ മുൻകൈയെടുത്ത് ഇസ്ലാം മതവിശ്വാസികൾ
പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് ഉത്സവത്തിൽ മുഖ്യാതിഥിയായി എത്തിയത്. ഉത്സവത്തിന് മുൻകൈയെടുത്തത് ഇസ്ലാം മത വിശ്വാസികളാണ്. ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത് തന്നെ ഒരു നൂറ്റാണ്ടിനുശേഷവും.
തിരൂർ ഏഴൂർ കൊറ്റംകുളങ്ങര ശിവ ഭഗവതി ക്ഷേത്രത്തിലെ ഉത്സവമാണ് മതഭേദമില്ലാതെ ഒന്നായി ആഘോഷിച്ചത്. ഏഴൂലിലെ കൊറ്റംകുളങ്ങരക്ഷേത്രത്തിൽ ഒരു നൂറ്റാണ്ട് മുൻപാണ് ശിവഭഗവതി ഉത്സവംനടന്നത്. ഏറെക്കാലം ജീർണ അവസ്ഥയിലായിരുന്നു ക്ഷേത്രം പുനരുദ്ധാരണം നടത്തിയത് രണ്ടുവർഷം മുൻപാണ്.
മുടങ്ങിക്കിപ്പോയ ക്ഷേത്രോത്സവം ജാതി മതഭേദമില്ലാതെ, നാട്ടിലുള്ളവർ ഒരുമിച്ച് ആഘോഷിക്കണമെന്നായിരുന്നു ദേവപ്രശ്ന വിധിയിൽ തെളിഞ്ഞത്. ഇതിനെ തുടർന്നാണ് എല്ലാവരുടെയും നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ച് ഉത്സവം നടത്തിയത്.മതം കൊണ്ട് വേർതിരിക്കപ്പെടുമോ എന്ന ഭയമുള്ള കാലത്ത് മനസ്സുകൊണ്ട് ഒന്നായി ഉത്സവം നടത്താൻ സാധിച്ചതിൽ സംഘാടകർക്കും സന്തോഷം ഏറെ.
ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച്നടത്തിയ സമൂഹസദ്യയിൽ എല്ലാവരും ഒരുമിച്ച് ഇരുന്ന് ഊണ്കഴിച്ചു. കേരളത്തിന് മാത്രമല്ല രാജ്യത്തിന് ഒന്നാകെ മാതൃകയാവുകയാണ് ഏഴൂരിലെ കൊറ്റംകുളങ്ങര ക്ഷേത്ര ഉത്സവം നടത്തിപ്പ്.