
പൊന്നാനി:145 മണിക്കൂറിൽ 1750 കിലോമീറ്റർ സൈക്കിൾ റൈഡെന്ന ലക്ഷ്യം പൂർത്തിയാക്കി കൈയ്യടി നേടുകയാണ് മലയാളികളായ രണ്ടുപേർ. കൽപ്പകഞ്ചേരി കടുങ്ങാത്തുകുണ്ടിലെ മയ്യേരി സ്വദേശി നദീർ മയ്യേരിയും പറവൂർ സ്വദേശി എരലിൽ എബ്രഹാമുമാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ന് രാവിലെ ലക്ഷ്യം പൂർത്തിയാക്കി
ഇൻസ്പെയർ ഇന്ത്യ ഓൾ ഇന്ത്യാതലത്തിൽ നടത്തിയ സൈക്കിൾ റൈഡിൽ 5 ഇന്ത്യക്കാരാണ് ആകെ പങ്കെടുത്തത്.ഇതിൽ രണ്ടുപേർ മാത്രമാണ് മലയാളികളായുള്ളത്.ഏറെ സാഹസികത നിറഞ്ഞ റൈഡ് ആയതിനാൽ വളരെകുറവ് മത്സരാർത്ഥികൾ മാത്രമാണ് പങ്കെടുക്കാറ്.ഗോവയിൽനിന്ന് തുടങ്ങി ഊട്ടിയിലെത്തുകയും ഊട്ടിയിൽനിന്ന് തുടങ്ങി ഗോവയിൽ അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് റൈഡ് ക്രമീകരിച്ചിരുന്നത്.
നദീർ ഇതിനു മുൻപും ദീർഘദൂര സൈക്ലിംഗിൽ ദേശീയതലത്തിൽ റെക്കോർഡ് നേടിയിട്ടുണ്ട്.98 മണിക്കൂർ കൊണ്ട് 1400 കിലോമീറ്ററാണ് അന്ന് പൂർത്തിയാക്കിയാണ് നദീർ അന്ന് അഭിമാനർഹമായ നേട്ടം സ്വന്തമാക്കിയത്.നാല് വർഷമായി ഈ രംഗത്ത് സജീവമാണ് നദീർ.മുപ്പത്തി അയ്യായിരത്തിലധികം കിലോമീറ്റർ സഞ്ചരിച്ച നദീർ അന്യസംസ്ഥാനങ്ങളിൽ പോകുന്നതും സൈക്കിളിൽതന്നെ.
ഈ യാത്രയിൽ 500 കിലോമീറ്റർ മാത്രമാണ് സുഗമമായ പാതയുള്ളത്.ബാക്കി 1250 കിലോമീറ്ററും ചുരവും ദുർഘടവുമായ പാതയാണ്.ഇതിലൂടെയാണ് നിശ്ചിത മണിക്കൂറിനുള്ളിൽ സൈക്കിൾ യാത്ര പൂർത്തിയാക്കുന്നത്.ഇത് നാലാം തവണയാണ് ഇൻസ്പെയർ ഇന്ത്യ ദീർഘദൂര സൈിക്ലിംഗ് നടത്തുന്നത്.
നിശ്ചിതമണിക്കൂറിനുള്ളിൽ പൂർത്തിയാക്കേണ്ട യാത്രയായതിനാൽ ഉറക്കവും വിശ്രമവും സമയബന്ധിതമായി ക്രമീകരിച്ചപ്പോഴാണ് ലക്ഷ്യപൂർത്തീകരണം സാധ്യമായത്.കേരളത്തിലെ സൈക്ലിംഗ് ക്ലബിലെ അംഗങ്ങൾക്ക് ഏറെ ആവേശമുയർത്തുന്നതാണ് ഈ രണ്ടു മലയാളികളുടെ നേട്ടം.കാർബൺ ഫൈബർ കൊണ്ട് നിർമിച്ച സ്വിറ്റ്സ്വർലാന്റിന്റെ സൈക്കിളാണ് ഇവർ ഉപയോഗിച്ചിരുന്നത്.കേരളത്തിന്റെ അഭിമാനമായ രണ്ടു സൈക്കിൾ താരങ്ങൾക്കും സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ സൈക്ലിംഗ് ക്ലബ് കൂട്ടായ്മകളും നാട്ടുകാരും.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ