
തൃശൂര്‍: പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി നഗരത്തില്‍ നടത്തിയ യുവജനറാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. കേന്ദ്ര ഭരണകൂടം ഭരണഘടനയെ വെല്ലുവിളിച്ച് നടത്തുന്ന പൗരത്വ ഭേദഗതി നിയമം പോലുള്ള ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പായി മാറി യുവജന റാലി.
പരിപാടിയില്‍ സംബന്ധിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ജനാധിപത്യ വിശ്വാസികള്‍ നഗരത്തിലേക്ക് ഒഴുകിയെത്തി. വടക്കേ സ്റ്റാന്‍ഡിന് സമീപം സംവിധാനിച്ച പ്രതിനിധി ക്യാമ്പില്‍ പങ്കെടുത്ത ആയിരക്കണക്കിന് ടീം ഒലീവ് അംഗങ്ങളും മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് പ്രവര്‍ത്തകരും റാലിയില്‍ സംബന്ധിച്ചു.
നിരവധി വാഹനങ്ങളില്‍ ജില്ലയിലെ എല്ലാ യൂനിറ്റുകളില്‍ നിന്നും റാലിയില്‍ സംബന്ധിക്കാന്‍ പ്രവര്‍ത്തകര്‍ നേരത്തേ തന്നെ എത്തിയിരുന്നു. വടക്കേ സ്റ്റാന്‍ഡില്‍ നിന്ന് നേതാക്കളുടെ സാന്നിധ്യത്തില്‍ ആരംഭിച്ച യുവജന റാലി സ്വരാജ് റൗണ്ട് വലയം വെച്ച് കൊക്കാലെക്ക് സമീപം തയ്യാറാക്കിയ പൊതു സമ്മേളന നഗരിയില്‍ സമാപിച്ചു.
സമൂഹത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായും സേവന പ്രവര്‍ത്തനങ്ങള്‍ക്കായും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംവിധാനിച്ച 45 സര്‍ക്കിളുകളില്‍ നിന്നുള്ള 33 അംഗങ്ങളടങ്ങുന്ന ടീം ഒലിവ് അംഗങ്ങള്‍ റാലിയുടെ ആകര്‍ഷണമായി മാറി. പ്രത്യേക യൂനിഫോമിലാണ് ഇവര്‍ റാലിയില്‍ അണിനിരന്നത്.