
മുംബൈ: എന്‍ആര്‍സി മഹാരാഷ്ട്രയിൽ നടപ്പാക്കില്ലെന്ന് ഉദ്ധവ് താക്കറെ. ദേശീയപൗരത്വ നിയമത്തെ അനുകൂലിച്ചതിന് പിന്നാലെ ആണ് താക്കറെ എന്‍.ആര്‍.സിയെ തള്ളിപ്പറഞ്ഞത്. താൻ എന്‍പിആറിനേയും ഒരുകാരണവശാലും പിന്തുണക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപൗരത്വ ഭേദഗതി ആരേയും ഇന്ത്യയിൽ നിന്ന് പുറത്താക്കില്ലെന്നും ഉദ്ധവ് പറഞ്ഞു. മുസ്‍ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും പൗരത്വം തെളിയിക്കുന്നതിന് പ്രയാസം ഉണ്ടാകുന്ന ഒരു സാഹചര്യമുണ്ടാവാന്‍ അനുവദിക്കില്ല എന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയിൽ എൻആർസി നടപ്പിലാക്കിയാൽ അത്തരമൊരു സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ആസാമിലടക്കം നിരവധി ഹിന്ദുക്കൾ എൻ ആർ സി ക്ക് പുറത്തുപോയി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വ നിയമ ഭേദഗതി മറ്റ് രാജ്യങ്ങളില്‍ മത പീഡനം അനുഭവിച്ചവരെയാണ് പരിഗണിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു.
കേരളവും അടക്കമുള്ള സംസ്ഥാനങ്ങൾ പൗരത്വ നിയമത്തിനെതിരെ പാസാക്കിയപോലെ നിയമസഭയിൽ മഹാരാഷ്ട്രയും പ്രമേയം പാസാക്കണമെന്നാവിശ്യപ്പെട്ട് ഏതാനും ദിവസങ്ങൾ മുമ്പ് പ്രമുഖരായ മുസ്ലിം സംഘടന പ്രവർത്തകർ ഉദ്ധവിനെ സന്ദര്‍ശിച്ചിരുന്നു.