
തിരുവനന്തപുരം: കഴിഞ്ഞദിവസം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ട്രസ്റ്റിന്‍റെ ഗോശാലയിൽ നരകയാതന അനുഭവിച്ചുവരുന്ന പശുക്കളെ കോടതി ഉത്തരവിനെ തുടർന്ന് നഗരസഭ ഏറ്റെടുത്ത് സ്വകാര്യ ഫാമിലേക്ക് മാറ്റിയിരുന്നു.
ആരോഗ്യ പരമായി അവശനിലയിൽ കഴിയുന്ന പശുക്കൾക്ക് ഭക്ഷണം അടക്കം എത്തിച്ചു നൽകിയിരിക്കുകയാണ് സിനിമ സംവിധായകൻ ആർഎസ് വിമൽ. സംഭവവുമായി ബന്ധപ്പെട്ട വാർത്ത പത്രത്തിലും സോഷ്യൽ മീഡിയയിലൂടെയും കണ്ടറിഞ്ഞാണ് കൗൺസിലർ ഐപി ബിനുവിനൊപ്പം അദ്ദേഹം എത്തിയത്.
സുരേഷ് ഗോപി അടക്കം അംഗങ്ങളായ ട്രസ്റ്റിന്റെ ഗോശാലയിലെ ഭക്ഷണവും വെള്ളവും ലഭിക്കാതെ മെലിഞ്ഞുണങ്ങിയ കന്നുകാലികളെ പുനരധിവസിപ്പിച്ചിരിക്കുന്ന കുറ്റിച്ചലിലെ പശു ഫാം സന്ദർശിച്ച് 400 കിലോ കാലിത്തീറ്റ അടക്കം ഫാമിലേക്ക് വിമൽ വാങ്ങി നൽകി. കൗൺസിലർ ഐപി ബിനുവിനുവാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
സംസ്ഥാനത്തും രാജ്യത്തുടനീളവും ബിജെപിയടക്കുമുള്ള പാർട്ടികൾ പശു സംരക്ഷണത്തിനായി മുറവിളി കൂട്ടുമ്പോളാണ് ബിജെപി എംപി അംഗമായ ട്രസ്റ്റിന്റെ ഗോശാലയിൽ പശുക്കൾക്ക് ഇത്തരമൊരു ദുരവസ്ഥയുണ്ടായത്.
കൂടാതെ സംവിധായകൻ വിമൽ ഫാമിലെ പശുകുട്ടികൾക്ക് പേരിടലും നടത്തി. അപ്പു, കർണ്ണൻ എന്നീപേരുകളാണ് അദ്ദേഹം നൽകിയത്. കൗൺസിലർ ഐപി ബിനു തന്റെ മകളുടെ പേരാണ് ഒരു പശുക്കിടാവിന് നൽകിയത്. കന്നുകാലികളെല്ലാം നല്ല ആരോഗ്യ സ്ഥിതിയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്നതായും ഐപി ബിനു വ്യക്തമാക്കി.