
ഇരവിപേരൂർ: സംസ്ഥാനത്ത് നിലവിലുള്ള സംവരണം അതേ രീതിയിൽ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംവരണം കോടതി പറഞ്ഞാൽ ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിനെ പുറകോട്ട് നയിക്കാനും നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആശയങ്ങളെ തമസ്‌കരിക്കാനും ഇരുണ്ട കാലഘട്ടത്തിലെ നമ്മെ തള്ളിയിടാനും ചില ശക്തികൾ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ശ്രീ കുമാര ഗുരുദേവന്റെ 142ാം ജന്മദിനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പി.ആർ.ഡി.എസ് അസ്ഥാനത്താണ് ചടങ്ങ് നടന്നത്.
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉയർത്തിക്കാട്ടുക മാത്രമല്ല, ചാതുർവർണ്യ കാലത്തെ വ്യവസ്ഥകൾ പഴയപോലേ കൊണ്ടുവരാൻ കഴിയുമോയെന്ന് ശ്രമിക്കുകയുമാണ് ചിലരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം നേടിയെടുത്ത നവോത്ഥാന മൂല്യത്തെ തകർക്കാനുള്ള ഏതു ശ്രമത്തെയും പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം ശ്രീ. കുമാര ഗുരുദേവൻ തടുക്കമിട്ട പ്രസ്ഥാനത്തിനുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.