
തിരുവനന്തപുരം: മുൻ യുഡിഎഫ് മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന വി.എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലൻസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയിൽ എഫ്‌ഐആര്‍ സമര്‍പ്പിച്ചതായാണ് റിപ്പോർട്ട്.
ഇന്നുതന്നെ ശിവകുമാറിന് വക്കീല്‍ നോട്ടീസടക്കം അയയ്ക്കാനാണ് നീക്കം. ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കെ ശിവകുമാറിന്റെ കൂട്ടാളികളുടെ സമ്പത്തിൽ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. വിജിലന്‍സ് പ്രാഥമികമായി നടത്തിയ അന്വേഷണത്തിന് ശേഷമാണ് വിശദമായ രീതിയിൽ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ശിവകുമാറിനൊപ്പം ബിനാമികളായ ഡ്രൈവര്‍ ഷൈജുഹരന്‍, ശാന്തിവിള രാജേന്ദ്രന്‍, ബ്ലേഡ്ഹരി എന്നിവരാണ് മറ്റുപ്രതികള്‍. യുഡിഎഫ് ഭരണ കാലത്താണ് വിജിലന്‍സിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് അനധികൃതമായ രീതിയിൽ ശിവകുമാർ സ്വത്ത് സംബന്ധിച്ചെന്ന വിവരം ലഭിച്ചത്.
അതേസമയം വിജിലൻസ് കേസ് രാഷ്ട്രീയപ്രേരിതം ആണെന്നും സര്‍ക്കാര്‍ തന്നെ തേജോ വധം ചെയ്യുകയാണെന്നും ശിവകുമാര്‍ പ്രതികരിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹീംകുഞ്ഞ് അന്വേഷണം നേരിടുമ്പോൾ അതേ മന്ത്രിസഭയിലെ മറ്റൊരു മന്ത്രികൂടി അന്വോഷണം നേരിടുന്നത് യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.