
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ ചുമതലയേറ്റു. ചടങ്ങിൽ ഒ.രാജഗോപാൽ, മന്ത്രി വി. മുരളീധരൻ, പി.പി മുകുന്ദൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. എന്നാൽ ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളായ ശോഭാ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവർ കുന്നുകുഴിയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തില്ല.
സംസ്ഥാനത്തെത്തിയ സുരേന്ദ്രന് തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനിൽ ബിജെപി നേതാക്കളും പ്രവർത്തകരും വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അടക്കമുള്ള പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. റോഡ് ഷോയിലൂടെ ബിജെപി ആസ്ഥാനത്തെത്തിയ സുരേന്ദ്രൻ സ്ഥാനമേൽക്കുകയാണ് ചെയ്തത്.
നേരത്തെ ശോഭാസുരേന്ദ്രനേയും. എൻ കൃഷ്ണനെയും ബിജെപി സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. പ്രസിഡൻറ് സ്ഥാനം ലഭിക്കാത്തതിൽ കൃഷ്ണദാസ് പക്ഷത്തിന് അതൃപ്തിയുണ്ടെന്നടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശോഭാ സുരേന്ദ്രൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ചടങ്ങിനു വരാത്തത് സോഷ്യൽ മീഡിയയിലും മറ്റും രാഷ്ട്രീയ എതിരാളികൾ വൻ ചർച്ചയാക്കിയിരിക്കുകയാണ്.