
ചങ്ങരംകുളം: സോഡ കഴിക്കാന്‍ നിര്‍ത്തിയ പോലീസ് വാഹനം കണ്ട് ഓടിയ രണ്ട് യുവാക്കള്‍ ചെന്ന് ചാടിയത് 26 അടിയോളം താഴ്ചയുള്ള കിണറ്റില്‍ .ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം മാന്തടം സെന്ററില്‍ ശനിയാഴ്ച രാത്രി പത്തരയോടെ സിനിമാ കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.രാത്രി പത്ത് മണിയോടെയാണ് പെട്രോളിങിനിറങ്ങിയ ചങ്ങരംകുളം പോലീസ് മാന്തടം സെന്ററില്‍ സോഡ കഴിക്കാന്‍ നിര്‍ത്തിയത്.ഇതിനിടെ റോഡരികില്‍ നിന്നിരുന്ന പന്താവൂര്‍,വട്ടംകുളം കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ പോലീസിനെ കണ്ടതോടെ റോഡിനോട് ചേര്‍ന്ന് കിടക്കുന്ന പറമ്പിലേക്ക് ഓടി മറഞ്ഞു.
പറമ്പില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ ഒന്നിന് പുറകെ ഒന്നായി വട്ടംകുളം പന്താവൂര്‍ സ്വദേശികളായ യുവാക്കള്‍ വീണു.യുവാക്കള്‍ ഓടിയതും രണ്ട് പേര്‍ കിണറ്റില്‍ വീണതും അറിയാതെ സോഡയും കഴിച്ച് പോലീസ് വാഹനം തിരിച്ച് പോവുകയും ചെയ്തു.കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദവും നിലവിളികളും കേട്ട നാട്ടുകാര്‍ ഓടിക്കൂടി ദേ കിടക്കുന്നു കിണറ്റിനകത്ത് രണ്ടെണ്ണം.രണ്ട് യുവാക്കള്‍ കിണറ്റില്‍ വീണു അലമുറയിടുന്നത് കണ്ട് നാട്ടുകാരും ഞെട്ടി.ഓടിക്കൂടിയ സമീപ വാസികള്‍ ചേര്‍ന്ന് കയര്‍ സംഘടിപ്പിച്ച് കിണറ്റില്‍ ഇട്ട് കൊടുത്ത് രണ്ട് പേരെയും കരക്ക് വലിച്ച് കയറ്റി.26 അടിയോളം വരുന്ന വെള്ളം വറ്റി തുടങ്ങിയ കിണറ്റില്‍ രണ്ട് പേര്‍ വീണിട്ടും ഒരു പോറല്‍ പോലും ഏറ്റില്ല എന്നത് നാട്ടുകാരെയും സംഭവം അറിഞ്ഞ് ഓടിക്കൂടിയവരെയും അത്ഭുതപ്പെടുത്തി.ഇതിനിടെ സംഭവമറിഞ്ഞ് ചങ്ങരംകുളം പോലീസ് വീണ്ടും സ്ഥലത്തെത്തി.കിണറ്റില്‍ നിന്ന് കയറ്റിയ ഉടനെ കിണറ്റില്‍ വീണ വട്ടംകുളം സ്വദേശിയായ യുവാവ് വീണ്ടും ഓടി രക്ഷപ്പെടുകയായിരുന്നു.പന്താവൂര്‍ സ്വദേശിയായ യുവാവിനെയും കൂടെയുണ്ടായിരുന്ന മാന്തടത്ത് ജോലിക്ക് വന്ന് താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ മറ്റൊരു യുവാവിനെയും നാട്ടുകാര്‍ ചേര്‍ന്ന് പോലീസിന് കൈമാറുകയായിരുന്നു.പ്രദേശത്ത് ലഹരിവില്‍പന വ്യാപകമായി നടക്കുന്നതായും സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് പോലീസിനെ കണ്ട് ഓടിയതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയെങ്കിലും സംഭവിച്ചതെന്താണെന്ന കൃത്യമായ വിവരം പോലീസിനും ലഭ്യമായിട്ടില്ല എന്നാണ് വിവരം.