
കാസർകോട്: ബിജെപി സംസ്ഥാന പ്രസിഡന്റായി സുരേന്ദ്രൻ എത്തിയതിന് പിന്നാലെ കാസർകോട് ബിജെപിയിൽ പൊട്ടിത്തെറി. കെ.ശ്രീകാന്തിനെ ജില്ലാ അധ്യക്ഷനായി നിയമിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പൊട്ടിത്തെറി.ജില്ലയിലെ പ്രമുഖ ബിജെപി നേതാവായ രവീശ തന്ത്രി കുണ്ടാർ സജീവ രാഷ്ട്രീയത്തിൽ നിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ചു. പ്രമുഖ വാർത്താ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തന്റ് രാജിക്കത്ത് തിങ്കളാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രന് അയച്ചുകൊടുക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. എന്നാൽ തന്റെ ബിജെപി അംഗത്വം രാജി വയ്ക്കുന്നില്ലെന്നും സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്നും കുണ്ടാർ വ്യക്തമാക്കി.
മഞ്ചേശ്വരത്തും കാസർകോടും നിലനിൽക്കുന്ന ബിജെപിയുടെ ഉൾപാർട്ടി പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാതെ കാസർകോട് ജില്ലാ അധ്യക്ഷസ്ഥാനത്തേക്ക് അധ്യക്ഷനെ തീരുമാനിച്ചതിലാണ് തന്റെ പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസംതന്നെ ബിജെപിയുടെ നിയോജക മണ്ഡലം കൺവീനർ സ്ഥാനം ഒഴിയുമെന്നും തന്ത്രി വ്യക്തമാക്കി.
കാസർകോട് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്ന പേരുകളിൽ ഏറ്റവും ആദ്യം കെട്ടത് രവീശതന്ത്രിയുടേ പേരായിരുന്നു. എന്നാൽ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായോടെ മുരളീധര പക്ഷം കാസർകോട് ജില്ലാ സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് മുരളീധരൻ പക്ഷക്കാരനായ ശ്രീകാന്തിന് നറുക്കുവീഴുകയായിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിൽ മുരളീധര പക്ഷം പിടിമുറുക്കുന്നതോടെ വരും ദിവസങ്ങളിൽ ബിജെപിയിൽ പ്രശ്നം രൂക്ഷമാകാനാണ് സാദ്ധ്യത.