
തിരുവനന്തപുരം: മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറിന് വീണ്ടും കുരുക്ക് മുറുകുന്നു. ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും പേരിലുള്ള ബാങ്ക് ലോക്കറുകൾ എല്ലാം ഇന്നുതന്നെ പരിശോധിച്ചേക്കുമെന്ന് സൂചനകൾ. ഇതിനായി വിജിലൻസ് അപേക്ഷ സമർപ്പിച്ചു. ഇന്നുതന്നെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ.
അതേസമയം സ്വത്തു സമ്പാദന കേസിൽ ശിവകുമാറിന്റെ വീട്ടിൽ നിന്നും റെയിഡ് നടത്തി വിജിലൻസ് പിടിച്ചെടുത്ത രേഖകൾ കോടതിയിൽ സമർപ്പിച്ചു. രേഖകൾ തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് കോടതിയിലാണ് സമർപ്പിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ വീട്ടിൽനിന്ന് അൻപത്തി ആറോളം രേഖകളാണ് വിജിലൻസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.
സ്വത്ത് സമ്പന്ദിച്ച രേഖകളും, വിവിധ ഇടങ്ങളിൽ നിന്ന് ലഭിച്ച വരുമാനം എന്നിവയുടെ രേഖകളും ഇതിലുണ്ടെന്നാണ് സൂചനകൾ. ശിവകുമാറിന്റെ കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ കഴിഞ്ഞ ദിവസം വിപുലീകരിച്ചിരുന്നു. പത്തുപേരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി.
മുൻ യുഡിഎഫ് മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയാണ് വിജിലൻസ് അന്വേഷണം നേരിടുന്ന ശിവകുമാർ. നേരത്തെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കി അന്വോഷണം നടന്നുകൊണ്ടിരിക്കുകയാണ്.