
കൊട്ടിയം: കാണാതായ ഏഴ് വയസുകാരി ദേവനന്ദ മരണത്തിന് കീഴടങ്ങി. വീടിന് സമീപമുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് ഇന്ന് 7.30 ഓടെ പോലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധര്‍ മൃതദേഹം കണ്ടെത്തിയത്. തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏഴുവയസ്സുകാരിയെ വീട്ടിനുള്ളില്‍ കളിച്ച് കൊണ്ടിരിക്കെ കാണാതായ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. സോഷ്യൽ മീഡിയയിൽ അടക്കം വാർത്ത വെെറലായി മാറിയിരുന്നു.
വാക്കാട്ടേ സരസ്വതി വിദ്യാനികേതനിലെ 1ാംക്ലാസ് വിദ്യാര്‍ഥിനിയാണ് മുങ്ങി മരിച്ച ദേവനന്ദ. വ്യാഴാഴ്ച സ്‌കൂളിന് അവധിയായിരുന്നു. അമ്മൂമ്മയും അപ്പൂപ്പനും ജോലിക്ക് പുറത്തുപോയതോടെ അമ്മയും സഹോദരനും മാത്രമായി വീട്ടില്‍.
ചെറിയ കുട്ടിയെ ഉറക്കിയ ശേഷം ദേവനന്ദയെ മുന്‍വശത്തെ ഹാളില്‍ ഇരുത്തിയശേഷമാണ് അമ്മ വീടിനോടുചേർന്ന് തുണിയലക്കാന്‍ പോയത്. തുണി കഴുകുന്നതിനിടെ മകള്‍ അമ്മയുടെ അടുത്തെത്തിയെങ്കിലും ഇളയ കുട്ടി കിടക്കുന്നതിനാല്‍ വീട്ടിലേക്ക് പറഞ്ഞുവിട്ടു.
പിന്നീട് കുട്ടിയുടെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോഴാണ് അമ്മ മുറിയിലെത്തിയത്. ചാരിയിട്ട വാതില്‍ തുറന്നു കിടക്കുകയായിരുന്നു. തുടർന്ന് പരിസരം മൊത്തം തിരക്കിയെങ്കിലും കുട്ടി വിളികേട്ടില്ല. അയല്‍വീടുകളിലും അന്വേഷിച്ചു എങ്കിലും കണ്ടെത്താനായില്ല.