
ന്യൂഡൽഹി: ദില്ലിയിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് വംശഹത്യ യെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് മുഹമ്മദ് റിയാസ്. കലാപത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യഥാസമയം ജുഡീഷ്യറി പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നിലപാടെടുത്തിരുന്നെങ്കിൽ കലാപം അടക്കമുള്ള പ്രശ്‌നങ്ങൾ ഉണ്ടാകില്ലായിരുന്നു എന്നും. ജുഡീഷ്യറിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും റിയാസ് വ്യക്തമാക്കി.
ദില്ലി പൊലീസ് നോക്കിനിൽക്കെയാണ് ആർഎസ്‌എസ് സ്വകാര്യ പട്ടാളമെന്നനിലയിൽ ഗുണ്ടാ വിളയാട്ടം നടത്തിയത്. ജീവൽപ്രശ്‌നങ്ങളിൽനിന്ന് ജനങ്ങളെ തമ്മിലടിപ്പിച്ച് ശ്രദ്ധനീക്കാനുള്ള ഗൂഢനീക്കമാണ് ഉണ്ടായതെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വ്യക്തമാക്കി.
പരിക്കുപറ്റിയവർക്കെല്ലാം മികച്ച ചികിത്സ ഉറപ്പാക്കാനായിട്ടില്ലെന്നു.. ആശുപത്രികളിലുള്ളവരും ഭയത്തിലാണെന്നും. സത്യം തുറന്ന് പറയാതിരിക്കാൻ ആളുകൾ ആശുപത്രികളിലും സംഘടിച്ചിരിക്കുകയാണെന്നും റിയാസ് ചൂണ്ടിക്കാട്ടി.
ആക്രമണത്തിന് ഇരയായവർക്ക്
ജനാധിപത്യപരവും നിയമപരവുമായ എല്ലാ സഹായവും നൽകുമെന്നും. ഇതിനായി കൈകോർക്കാൻ സാധിക്കുന്ന എല്ലാ സംഘടനയുമായും വ്യക്തികളുമായും യോജിച്ച് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി എ.എ റഹിം, എസ്.കെ സജീഷ്, കെ.ആർ സുഭാഷ്‌ചന്ദ്രൻ എന്നിവരും റിയാസിനൊപ്പം ആശുപത്രി സന്ദർശിച്ചു.