
തിരുവനന്തപുരം: 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ആദ്യ ജനകീയ ഹോട്ടൽ മണ്ണഞ്ചേരിയിൽ നാളെ തുറക്കും. കേരളത്തിന്റെ ഭക്ഷ്യമന്ത്രി തിലോത്തമനാണ് ഉദ്ഘാടനം ചെയ്യുന്നത്. കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി തോമസ് ഐസക് 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ആയിരം ഹോട്ടൽ തുറക്കുമെന്ന് വ്യക്തമാക്കിയത്. കേവലം ഒരു മാസം കൊണ്ട് സ്വന്തം നിയോജക മണ്ഡലത്തിൽ ഹോട്ടൽ യാഥാർത്ഥ്യം ആക്കിയിരിക്കുകയാണ് ധനമന്ത്രി ഐസക്ക്.
കുടുംബശ്രീയുമായി ചേർന്ന് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്താണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. പി കൃഷ്ണപിള്ള ട്രസ്റ്റിന്റെ ജനകീയ അടുക്കളയിൽ പാചകം ചെയ്താണ് ഭക്ഷണം ജനകീയ ഹോട്ടലിൽ എത്തിക്കുക. ചോറ്, സാമ്പാർ, മീഞ്ചാറ്, മോര്, അച്ചാർ, തോരൻ, എന്നിവയടങ്ങിയതാണ് ഭക്ഷണം. സ്പെഷ്യൽ വേണ്ടവർക്ക് പ്രത്യേകം കാശ് നൽകി അതും വാങ്ങാം.
ഇരുപത്തിയഞ്ച് രൂപ നൽകാനില്ലാത്തവർക്കും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനാകും. ഹോട്ടലിൽ ഷെയർ മീൽസ് ടോക്കണുകൾ ഇതിനായി ഉണ്ടാകും. പണമില്ലത്താവരുടെ വിശപ്പകറ്റാൻ താത്പര്യമുള്ളവർക്ക് ഇരുപത്തിയഞ്ച് രൂപ നൽകി ടോക്കൺ വാങ്ങി ബോർഡിൽ സ്ഥാപിക്കാനും സൗകര്യം ഒരിക്കിയിട്ടുണ്ട്.
ഏകദേശം 2 വർഷത്തിന് മേലെയായി സ്ഥലത്ത് വിശപ്പുരഹിത മാരാരിക്കുളം പദ്ധതി നടക്കുന്നുണ്ട്. ഭക്ഷണം പാചകം ചെയ്ത് കഴിക്കുവാൻ കഴിയാതെ ദുരിതം അനുഭവിക്കുന്നവർക്ക് വീടുകളിൽ ഭക്ഷണമെത്തിച്ചു കൊടുക്കുന്ന ജനക്ഷേമ പദ്ധതിയാണിത്. 400 പേർക്കാണ് ഈ പദ്ധതി വഴി ദിവസവും ഭക്ഷണം നൽകുന്നത്.
നാളെ 4 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ
ധനമന്ത്രി.തോമസ് ഐസക്ക്, എംപി എ.എം.ആരിഫ് എന്നിവർ പങ്കെടുക്കും. മണ്ണഞ്ചേരിയിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്നാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്