
പൊന്നാനി: ഗതകാല പാരമ്പര്യത്തിന്റെ ഓർമ്മകളുമായി പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വിളക്കത്തിരിക്കാൻ വീണ്ടും വിദ്യാർത്ഥികളെത്തി. കോഴിക്കോട് മർകസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി സനദ് കരസ്ഥമാക്കിയ 400 വിദ്യാർത്ഥികളാണ് വിളക്കത്തിരിക്കാനെത്തിയത്.
പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ ഇസ്‌ലാമിക മതപഠന ബിരുദം നൽകാൻ ഉപയോഗിച്ചിരുന്ന ചടങ്ങാണ് വിളക്കത്തിരിക്കൽ. വർഷങ്ങളോളം ഗുരുകുല സമ്പ്രദായത്തിൽ വിജ്ഞാനം പകർന്നു നൽകപ്പെടുന്ന ഇവിടെ പഠിതാക്കളെ ഒരു വിളക്കിനു ചുറ്റും ഒരുമിച്ചിരുത്തിയാണ് വിദ്യാഭ്യാസ പഠനം നടക്കുക ഇതാണ് വിളക്കത്തിരിക്കൽ എന്നപേരിൽ അറിയപ്പെട്ടത്. ഇങ്ങനെ വിളക്കത്തിരുന്നു ബിരുദം നേടിയവരാണ് ആദ്യ കാലങ്ങളിൽ മുസ്‌ലിയാർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
ഇതിന്റെ ഓർമ്മ പുതുക്കി എല്ലാ വർഷവും മർകസിലെ ബിരുദം പൂർത്തീകരിച്ച വിദ്യാർത്ഥികൾ വിളക്കത്തിരിക്കാനെത്തുന്നുണ്ട്. മർക്കസ് വൈസ് പ്രിൻസിപ്പാൾ എ.പി.മുഹമ്മദ് മുസ്യാർ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രചിച്ച ഫത്ഉൽ മുഈൻ ഓതി വിളക്കത്തിരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്ത മഖ്ദൂമിന്റെ പാരമ്പര്യമുള്ളവരാണ് കേരളത്തിലെ മുസ്ലീംങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഹജ്ജ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്ത അനസ് ഹാജി എറണാംകുളം, മുസമ്മിൽ ഹാജി ചങ്ങനാശ്ശേരി, സംസ്ഥാന ഹജ്ജ് കോർഡിനേറ്റർ ഷാജഹാൻ ഹാജി എന്നിവരെ സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗം കെ.എം.മുഹമ്മദ് ഖാസിം കോയ ആദരിച്ചു. വിളക്കത്തിരിക്കൽ ചടങ്ങിന് ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, പൊന്നാനി മഖ്ദൂം എം.പി.മുത്തുക്കോയ തങ്ങൾ, വി. സൈദ് മുഹമ്മദ് തങ്ങൾ, ടി.വി.അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ,ഇ.കെ.സിദ്ദിഖ് ഹാജി, എന്നിവർ നേതൃത്വം നൽകി