
എടപ്പാൾ:എടപ്പാളിലെ സ്വകാര്യ ആശുപത്രിയുടെ അനാസ്ഥമൂലം രോഗിയുടെ മരണം. പൊന്നാനിക്ക് സമീപം കരിങ്കല്ലത്താണി കാഞ്ഞിരമുക്ക് സ്വദേശിനിയും, കാട്ടിൽ ഹൗസ് കബീർ എന്നവരുടെ ഭാര്യയുമായ സുബൈദ (45)യാണ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.മരണത്തിൽ ദുരൂഹത ഉന്നയിച്ച് ബന്ധുക്കൾ ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിരിക്കുന്നു.
സുബൈദയെ മൂത്രസഞ്ചിയിലെ കല്ല് നീക്കം ചെയ്യുന്നതിനായുള്ള സർജറിക്ക് വേണ്ടി ഇന്ന് (04/03/2020) രാവിലെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയിരുന്നു.ഉച്ച കഴിഞ്ഞിട്ടും രോഗിയെ കാണാൻ ബന്ധുക്കളെ അനുവദിക്കാത്തതിനെത്തുടർന്ന് ബന്ധുക്കൾ ചോദ്യം ചെയ്തപ്പോൾ സർജറിക്കിടയിൽ ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ടു എന്നാണ് ആശുപത്രി അധികൃതർ വിവരം നൽകിയത്.അനസ്‌തേഷ്യ നൽകിയതിലുണ്ടായ വീഴ്ചയാണ് മരണത്തിലേക്ക് നയിച്ചതെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും കാണിച്ച് സുബൈദയുടെ ബന്ധുക്കൾ ചങ്ങരംകുളം പോലീസിൽ പരാതി നൽകി.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.